തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പിനെ പ്രശംസിച്ച് പത്മജ വേണുഗോപാൽ. തൃശൂരിലെ വോട്ട് കിട്ടിയത് സുരേഷ് ഗോപി എന്ന വ്യക്തിക്കും മോദിക്കും എൻഡിഎയ്‌ക്കുമാണ്. ഇനി കോൺഗ്രസിന് തൃശൂരിൽ ഒരു ഉയർച്ച ഉണ്ടാവില്ലെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തൃശൂർ മണ്ഡലത്തിൽ അടിപതറുമെന്നും തോൽവിയാണ് കാത്തിരിക്കുന്നതെന്നും കെ. മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. യുഡിഎഫ് ശക്തമായ കേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല. ഒരു കാരണവശാലും തൃശൂരിലേക്ക് വരല്ലേ എന്ന് താൻ പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. മുരളീധരനെ കുഴിയിൽ ചാടിച്ചവരുടെ പേരുകൾ ഡിസിസി ഓഫീസിന് മുന്നിൽ എഴുതി വച്ചിട്ടുണ്ട്. രാശിയില്ലാത്തത് തൃശൂരിനല്ല ചില ആളുകൾക്കാണെന്നും അവർ വിമർശിച്ചു. തൃശൂരിലെ മുരളീ മന്ദിരത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.
ജാതി പറയുന്നതും വെറുപ്പുന്റെ രാഷ്‌ട്രീയം പടർത്തുന്നതും കോൺഗ്രസ് ആണെന്നും പത്മജ തുറന്നടിച്ചു. ബിജെപി ഭരണത്തിലേറിയാൽ ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നൊക്കെയാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. വാജ്പേയി ഭരിച്ചിരുന്ന കാലത്ത് ഏതെങ്കിലും അന്യ ജാതിക്കാർക്ക് ഇവിടെ നിന്ന് പോകേണ്ടി വന്നിട്ടുണ്ടോയെന്നും അവർ ചോദിച്ചു. വിദ്വേഷം പറഞ്ഞാൽ മാത്രമാണ് ഇനി രക്ഷയുള്ളൂവെന്ന് തിരിച്ചറിഞ്ഞാണ് തമ്മിലടിപ്പിക്കുന്ന തരത്തിൽ കോൺഗ്രസ് പ്രവർത്തിക്കുന്നത്. ഇങ്ങനെ പോയാൽ അധികം ഓടില്ലെന്നും അവർ പരിഹസിച്ചു. കേരളത്തിൽ ഇനിയും പലയിടത്തും താമരകൾ വിരിയുമെന്നും പത്മജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.















