കേരളത്തിൽ താമര വിരിഞ്ഞത് ദൗർഭാഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയത്തിന്റെ കാരണം ഉറപ്പായും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻ ഭൂരിപക്ഷത്തോടെ കേരളം പിടിക്കുമെന്ന് വീമ്പിളക്കിയ സിപിഎമ്മിന് ഒരു സീറ്റിൽ ഇത്തവണ ഒതുങ്ങേണ്ടി വന്നു. ആലത്തൂർ മണ്ഡലത്തിൽ കെ. രാധാകൃഷ്ണൻ മാത്രമാണ് വിജയിച്ചത്. സംസ്ഥാനത്തെ എൽഡിഎഫിന്റെ നിയമസഭ സിറ്റിംഗ് സീറ്റുകളിൽ 11 ഇടത്തും ബിജെപിയാണ് ഒന്നാമതെത്തിയത്.
എൽഡിഎഫ് കോട്ടകളിൽ പലയിടത്തും ബിജെപി കടന്നുകയറ്റം വ്യക്തമായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രകടമായത്. തിരുവനന്തപുരത്തും കനത്ത വെല്ലുവിളിയാണ് ബിജെപി നൽകിയത്. ആലപ്പുഴയിലെ പരമ്പരാഗത പാർട്ടി വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താനും ബിജെപിക്ക് സാധിച്ചു.
പാർട്ടിയുടെ ദേശീയ പദവി പോലും നഷ്ടമാകുമോയെന്ന ഭയപ്പാടും സിപിഎമ്മിനെ അലട്ടി. എന്നാൽ തമിഴ്നാടും രാജസ്ഥാനും ദേശീയ പാർട്ടി പദവി എന്ന കടമ്പ കടത്തി. തമിഴ്നാട്ടിൽ രണ്ടും രാജസ്ഥാനിൽ ഒരു സീറ്റും കിട്ടിയപ്പോൾ ബംഗാളിൽ കനൽ കെട്ടു. കേരളത്തിൽ സിപിഎമ്മിന്റെ പതനവും ബിജെപിയുടെ മുന്നേറ്റവും ഒന്നിച്ച് സംഭവിച്ചിരിക്കുന്നുവെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങളിലെ സംസാരം.