പത്തനംതിട്ടയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന അനിൽ ആന്റണി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അനിൽ ആന്റണി നന്ദി അറിയിച്ചത്. നിങ്ങളുടെ വിലയേറിയ 2.34 ലക്ഷം വോട്ടുകൾ ബിജെപിയ്‌ക്ക് നൽകിയ പത്തനംതിട്ടയിലെ സ്നേഹം നിറഞ്ഞ ജനങ്ങൾക്ക് ഒരായിരം നന്ദി പറയുന്നുവെന്ന് അനിൽ ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.
ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കാളിയാവാൻ എനിക്ക് അവസരം തന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്കും ഭാരതിയ ജനതാ പാർട്ടി ദേശീയ നേതൃത്വത്തിനും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. ഈ പാർട്ടിയെ നെഞ്ചിലേറ്റി പാർട്ടിയുടെ ആദർശങ്ങൾ ലോകമത്രയും പ്രചരിപ്പിക്കുകയും വികസിത ഭാരതം യാഥാർത്ഥ്യമായി കാണാൻ അഹോരാത്രം യത്‌നിക്കുകയും ചെയ്യുന്ന ഓരോ പാർട്ടി പ്രവർത്തകനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.
പത്തനംതിട്ടയ്‌ക്കായി ഇനിയും നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റാൻ തുടർന്നും ഞാൻ നിങ്ങളോടൊപ്പം നിങ്ങളിലൊരാളായി പ്രവർത്തിക്കും. കേന്ദ്ര സർക്കാരിന്റെ ഓരോ ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ഞാൻ അശ്രാന്ത പരിശ്രമം നടത്തും. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഇന്നും, എന്നെന്നും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് ഒരിക്കൽ കൂടി ഒരായിരം നന്ദി.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നും 2,34,406 വോട്ടുകളാണ് എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണി നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നും 3, 76,623 വോട്ടുകൾ നേടി വിജയിച്ചത്.