തൃശൂർ: നിയുക്ത എംപി സുരേഷ് ഗോപിയ്‌ക്ക് വൻ സ്വീകരണമൊരുക്കി തൃശൂരിലെ ജനങ്ങൾ. ഇന്നലെ വിജയമറിഞ്ഞ ശേഷം ഉച്ചയോടെ തൃശൂരിൽ എത്തിയ സുരേഷ് ഗോപിയെ കാണാൻ പാർട്ടി പ്രവർത്തകരും സാധാരണക്കാരുമുൾപ്പെടെ ആയിരങ്ങളാണ് കാത്തുനിന്നത്. റോഡ് ഷോയിലൂടെയാണ് മണ്ഡലത്തിലെ ഓരോ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിക്കുന്നത്.
കളക്ടർ കൃഷ്ണ തേജയിൽ നിന്ന് വിജയ പത്രിക ഏറ്റുവാങ്ങിയ ശേഷമാണ് അയ്യന്തോളിൽ നിന്ന്‌റോഡ് ഷോ ആരംഭിച്ചത്. തൃശൂർ കോർപ്പറേഷൻ പരിസരത്താണ് റോഡ് ഷോ അവസാനിക്കുക. തെരഞ്ഞെടുപ്പ് വിജയത്തിന്റെ സാക്ഷ്യപത്രം കളക്ടറേറ്റിലെത്തിയ അദ്ദേഹത്തെ പ്രവർത്തകർ തലപ്പാവും കാവി ഷാളും താമരപ്പൂവും നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്.
10000 -ത്തിലധികം പ്രവർത്തകരെ അണിനിരത്തിയുള്ള വൻ റാലിയാണ് ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്നത്. തുറന്ന ജീപ്പിൽ കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്താണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. പടക്കം പൊടിച്ചും പൂത്തിരി കത്തിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ഓരോ ജംഗ്ഷനിലും പ്രവർത്തകർ സുരേഷ് ഗോപിയെ വരവേൽക്കുന്നത്.
മണികണ്ഠനാലിൽ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. തൃശൂരിനെ ഹൃദയത്തിൽ വച്ച് പ്രവർത്തിക്കുമെന്നും മണ്ഡലത്തിലെ ജനങ്ങൾ തന്നെ സ്വീകരിച്ച് കഴിഞ്ഞെന്നും വിജയപത്രിക സ്വീകരിച്ചുകൊണ്ട് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.