രാജസ്ഥാൻ റോയൽസിന്റെ വെറ്ററൻ താരം ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്. ഉദ്ഘാടന സീസൺ മുതൽ 2015 വരെ ചെന്നൈയ്‌ക്കായി പന്തെറിഞ്ഞിരുന്ന താരം ഇത്തവണയെത്തുന്ന കളിക്കാരനായിട്ടല്ല. ചെന്നൈ സൂപ്പർ കിംഗ്സ് ആരംഭിക്കുന്ന ഹൈ പെർഫോമൻസ് സെൻ്ററിന്റെ ചുമതലക്കാരനായിട്ടാണ് അശ്വിൻ എത്തുന്നത്. മെഗാ താര ലേലം നടക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് അശ്വിനെ നിലനിർത്തുമോ എന്ന കാര്യം സംശയമാണ്.
2025 മുതൽ സെൻ്റർ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. ചെന്നൈയുടെ ഉടമകളായ ഇന്ത്യൻ സിമൻ്റസാണ് അശ്വിനെ സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചത്. എല്ലാം തുടങ്ങിയിടത്ത് തന്നെ തിരികെ എത്താനായതിൽ സന്തോഷമുണ്ടെന്നും ഇവിടെ ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് സംഭാവന നൽകുന്നതിലാകും തന്റെ ശ്രദ്ധയെന്നും അശ്വിൻ പ്രതികരിച്ചു.
അശ്വിൻ തിരികെ എത്തിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും സൂപ്പർ കിംഗിസിന്റെ ഉദ്യമങ്ങളിലും ഹൈ പെർഫോമൻസ് സെൻ്ററിലും വലിയ റോൾ വഹിക്കാനുണ്ടെന്നും സിഎസ്കെ സി.ഇ.ഒ കാശിവിശ്വനാഥൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള ഏറ്റവും മികച്ച ക്രിക്കറ്ററാണ് അദ്ദേഹം. ക്രിക്കറ്റിന്റെ ഏത് തലത്തിലേക്ക് വരുമ്പോഴും അദ്ദേഹത്തിനുള്ള സമർപ്പണവും പ്രതിബദ്ധതയും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. സെന്റർ നയിക്കാനും യുവ പ്രതിഭകളെ കണ്ടെത്തി വളർത്താനും പറ്റുന്ന ഏറ്റവും മഹത്തായ മാതൃകയാണ് അശ്വിനെന്നും കാശി വിശ്വനാഥൻ പറഞ്ഞു.