ഞാൻ പ്രകാശൻ സിനിമയിലെ ഫഹദ് ഫാസിലിന്റെ പല അഭിനയ മുഹൂർത്തങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ റീലുകളായും ട്രോളുകളായും വൈറലാണ്. വിവാഹ സദ്യ വാരി വലിച്ച് കഴിക്കുകയും കാമറ കാണുമ്പോൾ തീറ്റ സാവധാനമാക്കുകയും ചെയ്യുന്ന വീഡിയോയാണ് കൊൽക്കത്ത ബാറ്റർ സെൽഫ് ട്രോളായി പങ്കിട്ടത്. ഈ രംഗം റീമേക്ക് ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് അയ്യരിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വെങ്കടേഷിന്റെ വിവാഹ റിസപ്ഷനിലാണ് ഈ റീമേക്കിംഗ്. ‘ഞാൻ വെങ്കടേഷ് അയ്യർ’ എന്ന അടിക്കുറിപ്പോടെ ഫഹദിന് പകരം അയ്യറിന്റെ ഫോട്ടോ വച്ചുള്ള മീം ക്രിക്കറ്റ് ഗ്രൂപ്പുകളിലും സജീവമായി പ്രചരിക്കുന്നുണ്ട്. വെങ്കടേഷ് അയ്യർ ദി ഗ്രേറ്റ്, the new verison of fahad fasil, ലെ ഫഫ: ഈ സീനൊക്കെ നമ്മ മുമ്പേ വിട്ടാതാ, അടിച്ചു കേറി വാ അയ്യരെ എന്നിങ്ങനെ വീഡിയോയ്‌ക്ക് താഴെ മലയാളികളുടെ കമന്റുകളുമുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വെങ്കടേഷ് അയ്യരുടെയും ശ്രുതി രഘുനാഥനിന്റെയും വിവാഹം. പരമ്പരാഗത തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾക്ക് താഴെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ താരമാണ് വെങ്കിടേഷ് അയ്യർ.