ലോക ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ ആ പതിനൊന്നാം നമ്പറുകാരൻ ഇന്ന് നീല കുപ്പായത്തോട് വിട പറയും. ഇന്ത്യൻ ഫുട്‌ബോളിന്റെ മക്കയായ കൊൽക്കത്തയിൽ കുവൈറ്റിനെതിരെയാണ് അവസാന അന്താരാഷ്ട്ര മത്സരം. ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇന്ത്യൻ ഇതിഹാസത്തിന്റെ മുന്നിലുള്ളത്, ജയിക്കണം, ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് ടീമിനെ എത്തിച്ചെന്ന അഭിമാനത്തോടെ ജയിച്ചാൽ സന്തോഷത്തോടെ പടിയിറങ്ങണം. രാത്രി 7 മണിക്ക് കൊൽക്കത്ത സാൾട്ട് സ്റ്റേഡിയത്തിലാണ് മത്സരം. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം കാണാം.
2005 ജൂൺ 12 ഇന്ത്യ പാകിസ്താനെ നേരിടുന്നു. വൈകാരികമായ മത്സരമാണ് നടക്കുന്നത്. സ്റ്റാർ സ്‌ട്രൈക്കർ ബൈച്ചുങ് ബൂട്ടിയ പരിക്കിന്റെ പിടിയിലാണ്. പകരമാരെന്ന ചോദ്യത്തിന് പരിശീലകൻ സുഖ്വീന്ദർ സിംഗ് കളത്തിലിറക്കിയത് ഒരു 20-കാരൻ പയ്യനെ. 65ാം മിനിറ്റിൽ പിന്നിലേക്ക് വന്ന പന്തിനെ കാലിൽ കൊരുത്ത് അയാൾ ബോക്‌സിലേക്ക് കയറ്റി. ഡിഫൻഡർമാരെ വെട്ടി ഒഴിഞ്ഞ് ആ പന്ത് ലക്ഷ്യം കണ്ടു. ഇന്ത്യൻ ഫുട്‌ബോളിന്റെ ആകാശത്ത് സുനിൽ ഛേത്രിയെന്ന താരം ഉദിച്ചുയർന്നു. രാജ്യത്തിനായി 150 മത്സരങ്ങളിൽ നിന്ന് നേടിയത് 94 ഗോളുകൾ. രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ ലിസ്റ്റിൽ നാലാമൻ. ഇപ്പോഴും കളിക്കളത്തിലുളളവരുടെ പട്ടികയിൽ മൂന്നാമൻ. മുന്നിലുള്ളത് സാക്ഷാൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആണെന്ന് അറിയുമ്പോൾ ഛേത്രിയെന്ന കളിക്കാരൻ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നത് ഇന്ത്യൻ ഫുട്‌ബോളിന്റെ മേൽവിലാസം കൂടിയാണ്. ആ മേൽവിലാസത്തിന് ഇനിയാരാകും പകരക്കാരനെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇന്ത്യൻ നായകന്റെ അവസാന മത്സരം കാണാൻ അരലക്ഷത്തിലധികം കാണികൾ സ്‌റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ. എം വിജയൻ ഉൾപ്പെടെയുള്ള പ്രമുഖതാരങ്ങൾ ഇതിഹാസത്തിന്റെ മത്സരം കാണാൻ കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ഛേത്രിക്ക് വേണ്ടി എല്ലാം മറന്ന് പോരാടുമെന്ന് ബ്ലൂടൈഗേഴ്‌സും ഉറക്കെ പറഞ്ഞു കഴിഞ്ഞു.















