കാബൂൾ: സ്ത്രീകൾ ഉൾപ്പെടെ 60ലധികം ആളുകൾക്ക് പരസ്യമായി ചാട്ടവാറ് കൊണ്ട് അടിച്ച് ശിക്ഷ നടപ്പാക്കി താലിബാൻ. അഫ്ഗാനിസ്ഥാനിലെ വടക്കൻ സാരി പുൽ പ്രവിശ്യയിലാണ് സംഭവം. സംഭവത്തെ അഫ്ഗാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ ശക്തമായി അപലപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 63 പേർക്കെതിരെയാണ് താലിബാൻ പ്രാകൃത രീതിയിലുള്ള ശിക്ഷാ നടപടി സ്വീകരിച്ചത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും, ഇത്തരത്തിലുള്ള ശാരീരിക ശിക്ഷാ നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും യുഎൻഎഎംഎ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. സ്വവർഗരതി, മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് 14 സ്ത്രീകൾ ഉൾപ്പെടെ 63 പേർക്കെതിരെ ശിക്ഷ നടപ്പാക്കിയത്. പ്രദേശത്തെ ഒരു സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ വച്ച് പരസ്യമായിട്ടാണ് കുറ്റം ആരോപിക്കപ്പെട്ടവരെ ചാട്ടവാറിന് അടിച്ചത്. ശിക്ഷ നടപ്പാക്കിയെന്ന കാര്യം താലിബാൻ സുപ്രീംകോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്.
2021ൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ താലിബാൻ പരസ്യ വധശിക്ഷ, ചാട്ടവാറടി, കല്ലേറ്, തുടങ്ങിയ ശിക്ഷാനടപടികൾ നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപും വ്യഭിചാര കുറ്റം ചുമത്തപ്പെട്ട് വടക്കൻ പെഞ്ച്‌ഷെറിലും ഒരു സ്ത്രീയേയും പുരുഷനേയും പരസ്യമായി ചാട്ടവാറിന് അടിച്ച് ശിക്ഷ നൽകിയിരുന്നു. ഈ വർഷം ആദ്യം പരസ്യ വധശിക്ഷ നടപ്പാക്കിയതും താലിബാനെതിരെ ആഗോള തലത്തിൽ വിമർശനം ഉയരുന്നതിന് കാരണമായിരുന്നു. സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകൾ നോക്കിനിൽക്കെ കുറ്റാരോപിതനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ സഹോദരനാണ് ശിക്ഷ നടപ്പാക്കിയത്. അധികാരം പിടിച്ചതിന് ശേഷം താലിബാൻ നടപ്പാക്കുന്ന അഞ്ചാമത്തെ പൊതുവധശിക്ഷ ആയിരുന്നു ഇത്.















