നിഖാബ് ധരിക്കുന്ന സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമായി അറിയപ്പെടുന്ന ജെ.ദേവിക. സാരി എന്നത് ഹിന്ദുക്കളുടെ വേഷമാണെന്നും ഇന്ത്യയിൽ എല്ലായിടത്തും ആ വേഷം അടിച്ചേൽപ്പിക്കുകയാണെന്നും ദേവിക പറയുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നിന്നുകൊണ്ട് മുസ്ലീം സമുദായത്തിൽ പരിഷ്കരണം ആവശ്യപ്പെടുന്നത് ശരിയല്ലെന്നാണ് ഇവരുടെ മറ്റൊരു വാദം. നിഖാബിനുള്ളിൽ സ്ത്രീ സ്വതന്ത്രയാണെന്നും ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേവിക അവകാശപ്പെടുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തീർത്തും സ്ത്രീ വിരുദ്ധമായ വാദങ്ങൾ ദേവിക ഉന്നയിച്ചത്.
“ചില സാമ്രാജ്യത്വ ഫെമിനിസ്റ്റുകൾ മാത്രമാണ് നിഖാബിനെ സ്ത്രീ വിരുദ്ധമായി കാണുന്നത്. നിഖാബ് സ്ത്രീവിരുദ്ധമായി ഞാൻ കരുതുന്നില്ല. നിഖാബും മറ്റ് മുസ്ലീം വസ്ത്രങ്ങളും അവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ല. ഇത്തരം വസ്ത്രങ്ങൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണ്. ഞാൻ ഇന്ന മതമാണ് എന്ന് പറയുന്നതിനാണ് ഈ വസ്ത്രങ്ങൾ. അത് സ്ത്രീ വിരുദ്ധമല്ല. ഇസ്ലാം മതത്തിൽ ആണും പെണ്ണും ദേഹം മുഴുവൻ മറയ്‌ക്കണം. ലോകത്തെവിടെയും അങ്ങനയാണ്. കേരളത്തിലും മതവിശ്വാസികളായ മുസ്ലീം പുരുഷന്മാർ അവരുടെ ദേഹം മറയ്‌ക്കുന്ന രീതിയിൽ, തല മറയ്‌ക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാറുണ്ട്. സ്വന്തം മുഖം മറയ്‌ക്കുന്നതിൽ എന്താണ് തെറ്റ്”.
“നമ്പൂതിരി സ്ത്രീകൾ മൂടി പുതച്ചാണ് നടന്നിരുന്നത്. അവരെ ആരും കാണരുത് എന്നതാണ് അതിന് പിന്നിൽ. മറ്റ് ജാതിക്കാർ അവരുടെ മുഖം കണ്ടാൽ പ്രശ്നമാണ്. അതുപോലെ അല്ല, മുസ്ലീങ്ങൾ. അവർക്ക് ഈ വേഷത്തിൽ മറ്റുള്ളവർ തങ്ങളെ കാണണമെന്നാണ്. നിഖാബ് ഇടുന്നത് പൊതുദർശനത്തിന് പോകാൻ വേണ്ടിയാണ്, അല്ലാതെ ആരും തങ്ങളെ കാണേണ്ട എന്നു കരുതിയല്ല. സാരി എന്നത് ഹിന്ദുക്കളുടെ വേഷമാണ്. ഓഫീസുകളിൽ സാരി ഉടുത്ത് ചെല്ലണമെന്ന് ഇന്നും പറയുന്നുണ്ട്. സാരി പോലുള്ള വേഷം അടിച്ചേൽപ്പിക്കുന്നതിൽ ആർക്കും പ്രശ്നമില്ല, നിഖാബിന്റെ കാര്യത്തിലാണ് എല്ലാവർക്കും പ്രശ്നം. അങ്ങനെ നിഖാബിൽ ഭീതിപ്പെടേണ്ട കാര്യമൊന്നുമില്ല”.
“നിഖാബ് പോലുള്ള വസ്ത്രങ്ങൾ ഇടുന്നതുകൊണ്ട് സ്ത്രീകൾക്ക് അവരുടെ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുന്നു എന്ന വാദം തെറ്റാണ്. ഇന്ത്യ പോലെ മുസ്ലീങ്ങളെ ലക്ഷ്യം വയ്‌ക്കുന്ന ഒരു രാജ്യത്ത് നിന്നുകൊണ്ട് മുസ്ലീം സമൂഹത്തിൽ പരിഷ്കരണം ഉണ്ടാകണമെന്ന് പറയുന്നത് ശരിയല്ല. അത് സ്ത്രീകൾക്ക് പ്രശ്നങ്ങളെ സൃഷ്ടിക്കൂ. പർദ്ദ ഇട്ടുകഴിഞ്ഞാൽ സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നു എന്നതാണ് സത്യം. സാരി ഉടുക്കുന്നതിനെയും ബ്ലൗസ് ധരിക്കുന്നതിനെയുമാണ് സ്ത്രീകൾ ഒരുപാട് എതിർത്തത്”- ദേവിക പറഞ്ഞു.