വീണ്ടും പ്രധാനമന്ത്രിയാകാൻ പോകുന്ന നരേന്ദ്രമോദിയേയും തൃശൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സുരേഷ് ഗോപിയേയും പ്രശംസിച്ച് ദേവൻ ശ്രീനിവാസൻ. വരും നാളുകളിൽ കേരളത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിന് തൃശൂരിൽ നിന്നുതന്നെ തുടക്കം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രതികൂല സാഹചര്യങ്ങളെയും വിജയകരമായി നേരിടാൻ മോദിയെയും അമിത് ഷായെയും ആരും പഠിപ്പിക്കേണ്ട എന്നും ദേവൻ പ്രതികരിച്ചു.
“സുരേഷ് ഗോപിയുടെ വിജയം ജനങ്ങളുടെ വിജയമാണ്. ജാതി-മത-വർഗ-വർണ-രാഷ്‌ട്രീയ വ്യതാസമില്ലാതെ ജനങ്ങൾ കണ്ടു വിജയിപ്പിച്ച വിജയം. സമാനതകളില്ലാത്ത വിജയം. കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത വിശ്വാസ്യതയുടെ വിജയം. അടിസ്ഥാനമായി ഭാരതീയ ജനതാ പാർട്ടിക്ക് സുരേഷ് ഗോപി നേടിക്കൊടുത്ത സമ്മാനം. മലയാളികളുടെ വിജയം. നമ്മുടെ വരും നാളുകളിൽ, കേരളത്തിൽ ഉണ്ടാകാൻ പോകുന്ന രാഷ്‌ട്രീയ മാറ്റത്തിന്റെ തുടക്കം. സത്യത്തിൽ സുരേഷ് ഗോപി കേരളത്തെ രക്ഷിക്കുകയല്ലേ ചെയ്തത്”.
“ഭാരതത്തെ സേവിക്കാൻ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന ഇന്ത്യൻ പ്രധാന മന്ത്രിയെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിക്കുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളെയും വിജയകരമായി നേരിടാൻ മോദിജിയെയും അമിത് ഷായെയും ആരും പഠിപ്പിക്കേണ്ട. ഈ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിന്റെ തലേനാൾ ഞാൻ കൊടുത്ത ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ ഒരു കാര്യമുണ്ട്”.
“ഭൂമിയിലെ മനസുകളും ആകാശവും വായുവും വെള്ളവും മണ്ണും വെളിച്ചവും ശുദ്ധമാക്കാൻ വന്ന പരിഷ്കർത്താവാണ് മോദിജി. ലോകത്തിലെ വൻ ശക്തികൾ ഒത്തൊരുമിച്ചും ഇന്ത്യയിലെ ശക്തിയില്ലാത്ത ശക്തികൾ അവരുടെ കൈകൾ ആകാശത്തേക്ക് ഉയർത്തിയും ‘മോദി തോൽക്കണം’ എന്ന് പറഞ്ഞ് നിലവിളിച്ചാലും നരേന്ദ്ര മോദി വിജയിക്കും. നാളെ ജൂൺ 4 -നു നമ്മുക്ക് കാണാം”. എന്റെ പോസ്റ്റിൽ പറഞ്ഞത് പോലെ തന്നെ മോദിജി വിജയിച്ചു.
“നിങ്ങൾ വായിക്കണം, പ്രകൃതിയുടെ ചുമരെഴുത്തുകൾ അങ്ങനെ പറയുന്നു. കാരണം മോദി സൂര്യനാണ്, അഗ്നിദേവൻ. സഹിക്കാനാവാത്ത ചൂടുള്ള വൻ സ്നേഹം കൊണ്ടോ, ശത്രുത കൊണ്ടോ തൊടാൻ ശ്രമിക്കരുത്. വെന്തു ചാമ്പലാകും. മോദിജിയെ തോൽപ്പിക്കാനാവില്ല, ഭാരതത്തെയും”- ദേവൻ ഫേസ്ബുക്കിൽ കുറിച്ചു.















