കൊച്ചി: ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്. ഇക്കാര്യം നിർമാതാവ് സാന്ദ്ര തോമസ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ലോകത്തെല്ലായിടത്തും പ്രദർശനത്തിന് എത്തിക്കണമെന്ന മോഹത്തിനേറ്റ കടുത്ത തിരിച്ചടിയാണിതെന്ന് നിർമാതാവ് അറിയിച്ചു.

ആത്മാവും ഹൃദയവും നൽകി ചെയ്ത സിനിമയാണ്, പക്ഷെ ജിസിസി രാജ്യങ്ങളിൽ പ്രദർശനം വിലക്കപ്പെട്ടു. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുകയാണെന്നും നിർമാതാവ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം വിലക്കിന് ഇടയാക്കിയ കാരണമെന്താണെന്ന് നിർമാതാവ് വെളിപ്പെടുത്തിയില്ല. വിലക്കിന് പിന്നിൽ നിഗൂഢതകളുണ്ടെന്ന് പറഞ്ഞാണ് സാന്ദ്ര തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞയിടയ്ക്ക് ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ഷെയ്ൻ നിഗം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിക്കെതിരെ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. സംഭവം കൈവിട്ട് പോയെന്ന് മനസിലാക്കിയതോടെ സിനിമയുടെ അണിയറപ്രവർത്തകരും ഷെയ്ൻ നിഗവും ചേർന്ന് വാർത്താസമ്മേളനം നടത്തുകയും പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.













