ഏപ്രിലിൽ തിയറ്റർ റിലീസായ വർഷങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ഒടിടിയിലെത്തിയത്. എന്നാൽ തിയറ്റിൽ ലഭിച്ച സ്വീകാര്യത വിനീത് ശ്രീനിവാസൻ ചിത്രത്തിന് ലഭിക്കുന്നില്ലെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എക്സറ്റൻഡ് കാമിയോ റോളിലെത്തിയ നിവിൻ പോളി ഇല്ലായിരുന്നെങ്കിലും ശരാശരിക്കും താഴെ നിൽക്കുന്ന ബോറ് പടമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. വിഷു റിലീസായി എത്തിയ ചിത്രം ആദ്യ ദിനങ്ങളിൽ ബോക്സോഫീസിൽ കുതിച്ചെങ്കിലും ആവേശം പുറത്തിറങ്ങിയതോടെ കിതയ്‌ക്കുകയായിരുന്നു. 50 കോടി കളക്ഷൻ ലഭിച്ചെന്നാണ് സൂചന. ഒടിടിയിൽ പ്രീസെയിൽ നടക്കാതിരുന്നതോടെയാണ് ചിത്രം വൈകിയത്. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഒടിടിയിൽ എത്തിയതോടെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്രോൾ പേജുകളിലും ചിത്രത്തിലെ പ്രകടനത്തിന്റെ പേരിൽ കല്യാണിയും പ്രണവും അടക്കമുള്ളവർ വിമർശിക്കപ്പെടുന്നുണ്ട്. ഇമോഷണൽ ഡ്രാമയായി അണിയിച്ചൊരുക്കിയ ആദ്യ പകുതി ശരാശരിക്കും താഴെയെന്നാണ് വിമർശനം. നിവിൻ പോളിയുടെ ക്യാരക്ടർ വരുന്നതുവരെ ചിത്രം ഒച്ചിഴയും വേഗത്തിലാണ് പോകുന്നതെന്നും വിമർശനങ്ങളുണ്ട്.
സാധാരണ വിനീത് ശ്രീനിവാസൻ ചിത്രങ്ങളുടെ ഗാനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കാതിരുന്നതും തിരിച്ചടിയായി. അമൃത് രാംനാഥൻ സംഗീതം നൽകിയത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വമ്പൻ താരനിരയ്‌ക്കൊപ്പം അതിഥി താരമായി ആസിഫ് അലിയും വന്നിരുന്നു. മെറിലാൻഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചത്.