ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അവസാന നിമിഷമാണ് രോഹിത്തിനും സംഘത്തിനും കാലിടറിയത്. തോൽവിയിൽ രോഹിത് ശർമ്മയും വിരാട് കോലിയും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം അതീവ ദുഃഖിതരായിരുന്നു. അതിനെ മറികടന്നത് എങ്ങനെയെന്ന് പറയുകയാണ് ഇന്ത്യൻ നായകൻ
‘ഏകദിന ലോകകപ്പിലെ തോൽവി താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ടീമിലെ ആർക്കും തോറ്റെന്ന് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല. തോൽവിയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് എങ്ങനെ തിരിച്ചുവരണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഇതുവരെയും ടൂർണമെന്റിൽ പരാജയം രുചിച്ചിട്ടില്ലെന്നും കിരീടം നേടാനാകുമെന്നും ഞങ്ങൾ തമാശ രൂപേണ പറഞ്ഞിരുന്നു. തോൽവിക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ തുടരാൻ താത്പര്യം ഉണ്ടായിരുന്നില്ല. വീട്ടിൽ എത്തിയാൽ മതിയെന്ന ചിന്തമാത്രമായിരുന്നു ഉള്ളിൽ. കാരണം, ആഗ്രഹിച്ചത് കിട്ടാതിരിക്കുമ്പോഴുള്ള വേദന പറഞ്ഞ് അറിയിക്കുന്നതിലും അപ്പുറമാണ്.’ – രോഹിത് പറഞ്ഞു.
എന്റെ കുടുംബം എനിക്ക് ചുറ്റുമുണ്ടായിരുന്നു. അവർ എനിക്ക് പൂർണ പിന്തുണ നൽകി. അതെനിക്ക് തിരിച്ചുവരാനായി ഗുണം ചെയ്തു. തലേ ദിവസം എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. അതേക്കുറിച്ച് ഭാര്യയോട് ആരാഞ്ഞു. ഇന്നലെ രാത്രി കണ്ടത് ദുഃസ്വപ്നമല്ലേയെന്നും ഫൈനൽ നാളെയല്ലേയെന്നും അവരോട് ചോദിച്ചു. രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് താൻ യാഥാർത്ഥ്യം ഉൾക്കൊണ്ടതെന്നും രോഹിത് കൂട്ടിച്ചേർത്തു.