തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 2024 ജനുവരി 1നകം 18 വയസ് തികഞ്ഞവർക്കാണ് പേര് ചേർക്കാൻ സാധിക്കുക. വോട്ടർ പട്ടികയിൽ മുഴുവൻ പേരുമുണ്ടെന്ന് ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും.
അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ ആറ് മുതൽ 21 വരെ നൽകാനും സ്വീകരിക്കാനും സാധിക്കും. കരട് പട്ടികയിൽ ഉൾപ്പെട്ടവർ, താമസം മാറിയവർ, പേരിൽ ഇരട്ടിപ്പുള്ളവർ എന്നിവരുടെ വിവരങ്ങൾ പ്രത്യേക പട്ടികയിലാക്കി ജൂൺ 10നുള്ളിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്‌ക്ക് ലഭിക്കും.
ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേനേയും അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാവുന്നതാണ്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർമാർ.
ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർമാർ അപേക്ഷകളിലും ആക്ഷേപങ്ങളിലും സ്വീകരിക്കുന്ന നടപടിക്കെതിരെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കാൻ അവസരം വരുന്നത്. അതുകൊണ്ടു തന്നെ പട്ടികയിൽ പേര് ചേർക്കാൻ കന്നിവോട്ടർമാർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2,77,49,159 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർ ആയിരുന്നു. 1,43,33,499 പേർ സ്ത്രീകളും. 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും പട്ടികയിൽ ഉണ്ടായിരുന്നു.















