ന്യൂയോര്‍ക്ക്: വനിതാ ടെന്നീസില്‍ മത്സരിക്കുന്ന താരങ്ങള്‍ക്കായി പുതിയ യോഗ്യതാ മാനദണ്ഡം പ്രഖ്യാപിച്ച് വനിതാ ടെന്നീസ് അസോസിയേഷന്‍ (WTA). വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇനി എല്ലാ താരങ്ങളും ഒരുതവണ നിര്‍ബന്ധമായും ജനിതക പരിശോധനയ്‌ക്ക് വിധേയരാകണം. ചൊവ്വാഴ്ച മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും.
ജൈവലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട SRY ജീന്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് നിര്‍ബന്ധമാക്കിയത്. കവിളില്‍ നിന്ന് സ്വാബ് എടുത്തോ രക്തസാമ്പിള്‍ ശേഖരിച്ചോ പരിശോധന നടത്താം. ഒരു താരത്തിന്റെ കരിയറില്‍ ഒരുതവണ മാത്രം പരിശോധന നടത്തിയാല്‍ മതിയാകും.
ഇതോടെ നിലവിലുണ്ടായിരുന്ന നയം WTA പിന്‍വലിച്ചു. മുമ്പ്, വനിതാ ലിംഗ തിരിച്ചറിയല്‍ പ്രഖ്യാപിക്കുകയും നിശ്ചിത കാലയളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് നിശ്ചിത പരിധിക്ക് താഴെയായി നിലനിര്‍ത്തുകയും ചെയ്താല്‍ ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ക്ക് വനിതാ ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നു.
നിലവില്‍ പ്രൊഫഷണല്‍ ടെന്നീസിന്റെ ഏതെങ്കിലും തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ മത്സരിക്കുന്നതായി അറിയില്ലെന്നും WTA വ്യക്തമാക്കി.
‘വനിതാ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത SRY ജീന്‍ സംബന്ധിച്ച ഒരുതവണത്തെ നിര്‍ബന്ധിത പരിശോധനയിലൂടെ സ്ഥിരീകരിക്കും. സ്വകാര്യതയും രഹസ്യസ്വഭാവവും പൂര്‍ണമായി സംരക്ഷിച്ചായിരിക്കും പരിശോധന നടത്തുക,’ WTA വക്താവ് അറിയിച്ചു. സ്ത്രീകളുടെ മത്സരവിഭാഗത്തില്‍ നീതിയും തുല്യ മത്സരാവസരവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, വിഷയത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് എല്ലാ താരങ്ങളോടും മാന്യതയും ബഹുമാനവും പുലര്‍ത്തിയാണ് നയം നടപ്പാക്കുകയെന്നും WTA കൂട്ടിച്ചേര്‍ത്തു. വനിതാ മത്സരങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്ന ലോക അത്ലറ്റിക്‌സ് ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്‌ട്ര കായിക സംഘടനകളുടെ നടപടികള്‍ക്ക് പിന്നാലെയാണ് WTAയുടെ പുതിയ തീരുമാനവും.
എന്നാല്‍, ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍ക്കും Differences of Sex Development (DSD) ഉള്ള ചില താരങ്ങള്‍ക്കും എതിരായ വിവേചനമാണിതെന്ന് വിമര്‍ശകര്‍ ആരോപിക്കുമ്പോള്‍, വനിതാ കായികരംഗത്തെ നീതിയും മത്സരസമത്വവും സംരക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണെന്നാണ് അനുകൂലികളുടെ വാദം.















