ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. 18-ാമത് ലോക്സഭാ രൂപീകരണത്തിനായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റേറിയന്മാരുടെ പട്ടിക സമർപ്പിക്കാനാണ് കമ്മീഷൻ രാഷ്ട്രപതി ഭവനിലെത്തുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയെ കേന്ദ്രസർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിക്കും.
ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പിൽ 293 സീറ്റുകൾ നേടിയിരുന്നു. സ്വതന്ത്രർ കൂടി പിന്തുണച്ചതോടെ ഭൂരിപക്ഷം 300 കടന്നു. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുടെ വസതിയിൽ നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയും മൂന്നാം വട്ടം അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ നരേന്ദ്രമോദി തന്നെ എൻഡിഎയുടെ നേതാവായി തുടരണമെന്ന് എൻഡിഎ സഖ്യകക്ഷികൾ തീരുമാനിക്കുകയും ചെയ്തു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എൻഡിഎ എംപിമാരുടെ യോഗം നാളെ (വെള്ളിയാഴ്ച) പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കും. സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് യോഗം ചേരുന്നത്. എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള ഏക എംപി സുരേഷ് ഗോപി ഡൽഹിയിലെത്തിയിട്ടുണ്ട്.