മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്കെത്തി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ചുമതല വഹിക്കുന്ന താരമാണ് നടൻ ടിനി ടോം. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് താരം മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത്. തന്റെ സൗഹൃദങ്ങളെ എന്നും അതേപോലെ കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ടിനി. ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളും. ഇപ്പോഴിതാ, സിനിമയിൽ വന്ന സമയത്ത് ഉണ്ണിമുകുന്ദന് നേരിടേണ്ടിവന്ന ഒരു അവഹേളനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം. ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ച നടിയെപ്പറ്റിയാണ് താരം തുറന്നുപറയുന്നത്.
“എനിക്കൊരു ഭാഗ്യം ലഭിച്ചു. രാജീവ് കുമാർ സർ എന്ന് പറഞ്ഞാൽ ടെക്നിക്കലി, അതായത് ഏറ്റവും പുതിയ ഉപകരണങ്ങൾ, ടെക്നോളജി എല്ലാം സ്വന്തം ചിത്രങ്ങളിൽ കൊണ്ടുവരുന്ന ഒരാളാണ്. ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. അതിലൊരു പയ്യൻ അഭിനയിക്കാൻ വന്നിട്ടുണ്ടായിരുന്നു. ഒരു വിക്കനായിട്ട് അഭിനയിക്കാനാണ് ആ പയ്യൻ വന്നത്. അവൻ എന്നോട് എപ്പോഴും ചോദിക്കും, ‘എങ്ങനെയാ ചേട്ടാ ഈ വിക്ക്’. അപ്പോൾ ഞാൻ അവനത് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. ഇന്നാ പയ്യൻ വലിയൊരു സ്റ്റാറാണ്. എന്നോടൊപ്പം തന്നെ അമ്മ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറുമായി. ആ പയ്യന്റെ പേരാണ് ഉണ്ണി മുകുന്ദൻ”.
“ഉണ്ണി പോലും പറയാത്ത ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഒരിക്കൽ ഒരു നടി അവന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ഒരു കുറച്ചിൽ പോലെ തോന്നിയിട്ട് ഒരുമിച്ച് ഫോട്ടോയെടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു മാറി. നടിയുടെ പേര് ഞാൻ പറയുന്നില്ല. അന്ന് അവൻ പുതിയ പയ്യൻ ആയിരുന്നല്ലോ. അതുകൊണ്ട് ഫോട്ടോ എടുക്കാൻ അവർ വിസമ്മതിച്ചു. പക്ഷേ കാലം അവനെ നായകനാക്കി തിരിച്ചുകൊണ്ടുവന്നു. ഒരുപക്ഷേ ആ നടി അവന്റെയൊപ്പം ഫോട്ടോ എടുക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവും. കർമ്മ, കാലചക്രം, കാവ്യനീതി എന്നുള്ളത് ഉണ്ടെന്ന് എനിക്ക് അന്ന് മനസ്സിലായി. ആരെയും വിലകുറച്ച് കാണരുത്. നാളെ എന്താവും എന്ന് പറയാൻ കഴിയില്ല”- ടിനി ടോം പറഞ്ഞു.















