ന്യൂഡൽഹി: നരേന്ദ്രമോദിയും അമിത് ഷായും ഓഹരി വിപണിയിൽ അഴിമതി നടത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും മുൻ വാണിജ്യമന്ത്രിയുമായ പീയൂഷ് ഗോയൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിക്കേറ്റ പരാജയം അംഗീകരിക്കാൻ കഴിയാതെ വന്നപ്പോഴാണ് കോൺഗ്രസ് എംപി പുതിയ ആരോപണവുമായി എത്തിയിരിക്കുന്നതെന്ന് പീയൂഷ് ഗോയൽ വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മന്ത്രിമാരും വ്യാജ പ്രസ്താവനകൾ നടത്തി വോട്ടെണ്ണലിന് മുന്നോടിയായി ഓഹരി വിപണിയിൽ കുതിച്ചുചാട്ടമുണ്ടാക്കിയെന്നും പിന്നീട് ഓഹരി വിപണി ഇടിഞ്ഞതോടെ നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചെന്നുമാണ് രാഹുൽ ആരോപിച്ചത്. ഇത് രാജ്യത്തെ ഏറ്റവും വലിയ ഓഹരി അഴിമതിയാണെന്നും സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തോടാണ് പീയൂഷ് ഗോയൽ പ്രതികരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ നിന്ന് മുക്തരാവാത്തതിനാലാണ് രാഹുൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇപ്പോൾ വിപണിയിലെ നിക്ഷേപകരെ വഴിതെറ്റിക്കുന്ന നീക്കമാണ് രാഹുൽ നടത്തുന്നതെന്നും പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ കൂടിയാണ് ഇന്ത്യയുടേതെന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. എൻഡിഎ സർക്കാരിന്റെ മൂന്നാം ടേമിൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നത് നരേന്ദ്രമോദിയുടെ ഉറപ്പാണെന്നും പീയൂഷ് ഗോയൽ പറഞ്ഞു.















