നീണ്ട വർഷങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിച്ച തമിഴ് ചിത്രമാണ് ഗരുഡൻ. വെട്രിമാരൻ തിരക്കഥ എഴുതി ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത സിനിമ. സൂരിയാണ് ചിത്രത്തിലെ നായകൻ. പ്രധാന കഥാപാത്രങ്ങളായി ശശികുമാറും ഉണ്ണി മുകുന്ദനും അഭിനയിക്കുന്നു. മികച്ച അഭിപ്രായങ്ങളോടെ ഗരുഡൻ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ, ഉണ്ണി മുകുന്ദനെ ആദ്യം കണ്ടത് മുതൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും തുറന്നു പറയുകയാണ് ശശികുമാർ.
“ഉണ്ണിയെ ആദ്യമായിട്ട് നേരിട്ട് കണ്ടപ്പോൾ അയ്യപ്പനെ കണ്ടതുപോലെ ആയിരുന്നു. മാളികപ്പുറം കണ്ടതിൽ പിന്നെ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം എങ്ങനെയായിരിക്കുമെന്നായിരുന്നു മുഴുവൻ ചിന്ത. ഉണ്ണി വളരെ ഹാർഡ് വർക്കാണ്. പേപ്പറിൽ എഴുതി പഠിച്ചതാണ് അദ്ദേഹം ഗരുഡനിലെ ഡയലോഗുകൾ പറഞ്ഞത്. ഉണ്ണി തമിഴ് എല്ലാം മലയാളത്തിൽ എഴുതി പഠിച്ചപ്പോൾ എനിക്ക് ഭയമാണ് ഉണ്ടായത്. ഇദ്ദേഹത്തിന്റെയൊപ്പം ആണല്ലോ ഞാൻ സ്ക്രീൻ ഷെയർ ചെയ്യേണ്ടതെന്ന് ഓർത്ത് ഭയന്നു”.
“സീൻ നമ്പർ പറഞ്ഞാൽ കറക്റ്റായി ഉണ്ണി മലയാളത്തിൽ എഴുതി പഠിച്ച ഡയലോഗ് ഓർത്തെടുത്ത് പറയും. എന്തൊക്കെ ചെയ്യണം എന്ന് സംവിധായകന്റെ അരികിൽ പോയി ചോദിച്ചു മനസ്സിലാക്കും. കാരവാനിൽ ഒന്നും പോയി വിശ്രമിക്കില്ല, ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരുന്നുകൊണ്ട് എല്ലാവരുമായും അദ്ദേഹം ഇടപഴുകുമായിരുന്നു. രാഷ്‌ട്രീയം, സിനിമ എന്നുവേണ്ട എല്ലാത്തിനെയും പറ്റി ഉണ്ണി മുകുന്ദൻ സംസാരിക്കും. അടുത്ത് ഇടപഴകിയപ്പോൾ ഉണ്ണിയെപ്പറ്റി ഒരുപാട് മനസ്സിലായി, വളരെയധികം കഷ്ടപ്പെട്ടാണ് അദ്ദേഹം സിനിമയിലെത്തിയത്”- ശശികുമാർ പറഞ്ഞു.