ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും സമൂഹമാദ്ധ്യമത്തിൽ പ്രധാനമന്ത്രി കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിക്കുകയും, തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുകയുമായിരുന്നു.
നെതന്യാഹുവുമായി സംസാരിക്കാൻ സാധിച്ചുവെന്നും, അദ്ദേഹം നൽകിയ അഭിനന്ദനത്തിനും ഇന്ത്യയിലെ ജനങ്ങളോടുള്ള ആദരവിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചിട്ടുണ്ട്. ” സെലൻസ്‌കിയുമായി സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ നേടിയ ചരിത്രവിജയത്തിന് അദ്ദേഹം കൈമാറിയ ആശംസയ്‌ക്ക് നന്ദി അറിയിക്കുകയാണ്. ഇന്ത്യയും യുക്രെയ്‌നും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുമെന്നും” നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് എന്നിവരോടും അദ്ദേഹം തന്റെ നന്ദി അറിയിച്ചു.