വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യോഗത്തിൽ സംസാരിക്കാൻ യുഎസ് കോൺഗ്രസ് നേതാക്കൾ നെതന്യാഹുവിനെ കഴിഞ്ഞയാഴ്ച ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുമെന്ന കാര്യം നെതന്യാഹുവും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 24നാകും നെതന്യാഹു സംയുക്ത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
യുഎസ് കോൺഗ്രസിന്റെ ഇരുസഭകൾക്കും മുൻപാകെ ഇസ്രായേലിനെ പ്രതിനിധീകരിച്ച് സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും, രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും, നീതിയുടെ ഭാഗത്ത് ഇപ്പോൾ നടക്കുന്ന പോരാട്ടത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും നെതന്യാഹു പറയുന്നു. അമേരിക്കൻ ജനതയുടേയും ലോകത്തിന്റേയും മുന്നിൽ സത്യം അവതരിപ്പിക്കുമെന്നും നെതന്യാഹു പറയുന്നു.
അതേസമയം പാലസ്തീനികൾ അഭയം പ്രാപിച്ച സ്‌കൂളിൽ ഹമാസ് ഭീകരർ ഒളിവിൽ കഴിഞ്ഞ് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന ആരോപിച്ചു. സാധാരണക്കാരെ മറയാക്കി ഭീകരർ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചു. ഭീകരർക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ 33 പേർ കൊല്ലപ്പെട്ടിരുന്നു.
വിഷയത്തിൽ ഇസ്രായേലുമായി തുറന്ന സംസാരം നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. ഇരുകൂട്ടർക്കുമിടയിലുള്ള മധ്യസ്ഥ ശ്രമങ്ങൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി നൽകിയ വെടിനിർത്തൽ നിർദ്ദേശങ്ങളോട് ഹമാസ് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.















