ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്ന് പേരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. കൃത്യമായ പരിശോധനകൾക്ക് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുപി സ്വദേശികളായ കാസിം, മോനിസ്, സോയബ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
ഇന്നലെ പാർലമെന്റ് മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഹാജരാക്കിയ ആധാർ കാർഡുകളിന്മേൽ സംശയം തോന്നിയതോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ മൂന്ന് പേരെയും തടഞ്ഞത്. വിശദമായി നടത്തിയ പരിശോധനയിൽ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി.
പാർലമെന്റ് കോംപ്ലക്‌സിനുള്ളിലെ എംപിമാരുടെ വിശ്രമമുറികളുടെ നിർമ്മാണത്തിന് വേണ്ടിയാണ് ഇവർ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡിവി പ്രോജക്ട്സ് ലിമിറ്റഡാണ് ജോലിക്കാരെ ഇവിടേക്ക് എത്തിച്ചിരുന്നത്. മൂന്ന് പേരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഡൽഹി പൊലീസിന് കൈമാറി. വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് സിആർപിഎഫ്, ഡൽഹി പൊലീസ് സംഘങ്ങളിൽ നിന്ന് സിഐഎസ്എഫ് പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.