കൈവെട്ടുമെന്ന് സിപിഎം ഭീഷണി; പരസ്യമായി കൊലവിളി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ

Published by
Janam Web Desk

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്നാണ് തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദിന്റെ ഭീഷണി. കോന്നി അടവി ഇക്കോ ടൂറിസം കുട്ടവഞ്ചി സവാരികേന്ദ്രത്തിന്  സമീപമാണ് സിഐടിയുവിന്റെ കൊടി നാട്ടിയിരുന്നത്. വനഭൂമിയിൽ അതിക്രമിച്ച് കയറി കൊടിമരം സ്ഥാപിച്ചതിന് സ്ഥാപിച്ചതിന് കുറ്റക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതാണ് സിഐടിയുവിനെ പ്രകോപിപ്പിച്ചത്.

ഇക്കോ ടൂറിസത്തിൽ തൊഴിലാളി സംഘടനയായി ഉണ്ടായിരുന്ന എഐടിയുസി കൊടിമരം സ്ഥാപിച്ചിരുന്നില്ല. സിഐടിയു സംഘടന രൂപീകരിക്കുകയും വനഭൂമിയിൽ കടന്നുകയറി കൊടിമരം സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കൊടിമരം നീക്കം ചെയ്യാൻ സിപിഎമ്മിനോടും സിഐടിയു നേതൃത്വത്തിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതാക്കൾ ധാർഷ്ട്യം പുറത്തെടുത്തതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊടിമരം നീക്കം ചെയ്യുകയും വനഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കേസെടുക്കുകയും ചെയ്തു.

തുടർന്ന് ഇന്നലെ തണ്ണിത്തോട് വനംവകുപ്പ് ഓഫീസിലേക്ക് സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഈ മാർച്ചിനിടെയാണ് ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയത്. നീക്കിയ കൊടിമരത്തിന് പകരം മറ്റൊരു കൊടിമരം സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ സ്ഥാപിച്ചെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Share
Leave a Comment