ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ പ്രശംസകൊണ്ട് ചൊരിഞ്ഞ് കക്ഷി നേതാക്കൾ. ഇന്ത്യക്ക് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചുവെന്ന് ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു പറഞ്ഞു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എൻഡിഎ നേതാക്കളുടെ യോഗത്തിനിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
കഴിഞ്ഞ മൂന്നുമാസമായി പ്രധാനമന്ത്രി വിശ്രമമില്ലാതെ പ്രചരണം നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ആത്മാർത്ഥമായ പ്രവർത്തനം ആന്ധ്രാപ്രദേശിലെ വിജയത്തിന് പിന്തുണ നൽകി. ഒറ്റ പ്രസംഗം കൊണ്ട് ആന്ധ്രയിലെ ഗതി തന്നെ മാറ്റിമറിച്ചയാളാണ് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ. ആന്ധ്രയ്‌ക്കൊപ്പം കേന്ദ്രമുണ്ടെന്ന ഉറപ്പ് ജനങ്ങൾക്കുണ്ടായി.
പിന്തുണ നൽകിയ എല്ലാ എൻഡിഎ മന്ത്രിമാർക്കും നന്ദിയുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
പ്രധാനമന്ത്രിയുടെ പത്തുവർഷത്തെ സേവനം രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ലോകത്തിന്റെ പവർഹൗസ് ആയി ഇന്ത്യ മാറി. ഭാരതത്തിന് ലോകമാകമാനം അംഗീകാരം നേടിത്തന്ന നരേന്ദ്രമോദിക്ക് നന്ദി. മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റാൻ നരേന്ദ്രമോദിക്ക് സാധിക്കും. വരുന്ന അഞ്ചുവർഷത്തെ മോദിയുടെ നേതൃത്വം ഭാരതത്തെ രണ്ടാം സ്ഥാനത്ത് അല്ലെങ്കിൽ ഒന്നാമത് എത്തിക്കും. അക്കാര്യത്തിൽ ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നായിഡു ചൂണ്ടിക്കാട്ടി.
സമീപഭാവിയിൽ ഭാരതീയർ ലോക നേതാക്കളാക്കാൻ പോവുകയാണ്. എല്ലാ അർത്ഥത്തിലും ഭാരതം ലോകത്തിന് മുതൽക്കൂട്ടാകും. കൃത്യമായ കാഴ്ചപ്പാടും, അത് നടപ്പാക്കാനുള്ള ആർജ്ജവവും നരേന്ദ്രമോദിക്കുണ്ട്. ശരിയായ സമയത്ത് രാജ്യം തെരഞ്ഞെടുക്ക ശരിയായ നേതാവാണ് നരേന്ദ്രമോദി. ലോകത്തെ എല്ലാ രാജ്യങ്ങളും ഒന്നോ രണ്ടോ ശതമാനമാണ് വളരുന്നത്. എന്നാൽ ഇന്ത്യ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്നു. പത്തോ ഇരുപതോ വർഷം ഈ പുരോഗതി തുടരുക തന്നെ ചെയ്യും.
മികച്ച നേതാവുള്ളതിനാലാണ് വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഭാരതത്തിന് സാധിക്കുന്നത്.
ആ നേതാവ് നരേന്ദ്രമോദിയാണ്. നരേന്ദ്രമോദിയെ കക്ഷി നേതാവായി അംഗീകരിക്കുന്നുവെന്നും നായിഡു പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കാൻ നരേന്ദ്രമോദിക്ക് കഴിയും. അത് സാധ്യമാക്കുക തന്നെ ചെയ്യും. ആന്ധ്രയിൽ 95% സീറ്റുകളും എൻഡിഎ നേടി. മുന്നണിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണത്. ഇത് തന്റെ ജീവിതത്തിൽ അഭിമാനം നൽകിയ നിമിഷമാണെന്നും ടിഡിപി അദ്ധ്യക്ഷൻ എടുത്തുപറഞ്ഞു.















