ന്യൂഡൽഹി: 2024ൽ എൻഡിഎ നേടിയത് മഹത്തായ വിജയമാണെന്നും ഇത് ലോകം തിരിച്ചറിയുമെന്നും നരേന്ദ്രമോദി. മൂന്നാമതും പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ജയിച്ചുവന്ന പ്രതിപക്ഷ എംപിമാരെ അഭിനന്ദിക്കുന്നു. രാഷ്‌ട്രത്തിന്റെ പ്രതിപക്ഷത്തല്ല, ഒരു കക്ഷിയുടെ പ്രതിപക്ഷ സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഓർക്കണമെന്നും രാഷ്‌ട്രഹിതത്തിന് അനുസരിച്ച് തന്നെ പ്രതിപക്ഷം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
പത്ത് വർഷത്തിന് ശേഷവും 100 സീറ്റുകൾ മറികടക്കാൻ കോൺഗ്രസിനായില്ല. 2014ലും 2019ലും 2024ലും കോൺഗ്രസ് നേടിയ സീറ്റുകൾ കൂട്ടിവെച്ചാൽ പോലും ബിജെപി ഇത്തവണ നേടിയ സീറ്റുകളുടെ എണ്ണം കോൺഗ്രസിനില്ല. ഇൻഡി മുന്നണി മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇപ്പോൾ അതിന്റെ വേഗത വർദ്ധിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
ഭാരതത്തിലെ ഓരോ പൗരനും രാഷ്‌ട്രീയ ബോധ്യങ്ങളുണ്ട്. രാഷ്‌ട്രം എൻഡിഎയിലാണ് വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം ട്രെയിലർ മാത്രമാണ്. അതിനേക്കാൾ ഊർജ്ജത്തോടെ, ഇച്ഛാശക്തിയോടെ രാജ്യത്തിന്റെ പുരോഗതിക്കായി എൻഡിഎ സർക്കാർ പ്രവർത്തിക്കും. New India, Developed India, Aspirational India – പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രതീക്ഷയുടെ ഇന്ത്യ – എന്നിങ്ങനെ എൻഡിഎയെ കാണാൻ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തിന് അഴിമതി രഹിത സർക്കാരിനെ നൽകിയത് എൻഡിഎയാണ്. 25 കോടി ജനതയെ പത്തുവർഷം കൊണ്ട് ദാരിദ്ര്യമുക്തരാക്കി. മൂന്ന് കോടി പാവപ്പെട്ടവർക്ക് വീട് നൽകി. ദാരിദ്ര്യനിർമ്മാർജനവും മധ്യവർഗത്തിന്റെ പുരോഗതിയുമാണ് എൻഡിഎ ലക്ഷ്യമിട്ടത്. ഏറ്റവും കൂടുതൽ വനിതകൾക്ക് മത്സരിക്കാൻ അവസരം നൽകിയ മുന്നണി കൂടിയാണിത്. വനിതകൾ നയിക്കുന്ന വികസനത്തിൽ എൻഡിഎ സഖ്യം വിശ്വസിക്കുന്നു.
എന്നാൽ നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ പാവപ്പെട്ടവരെ ഇപ്പോഴും കബളിപ്പിക്കുകയാണ് ഇൻഡി മുന്നണി.
മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുക തന്നെ ചെയ്യും. അതിനായി മുഴുവൻ ദിവസവും രാജ്യത്തെ സേവിക്കാൻ താനുണ്ടാകും. ഭാരതീയരുടെ പ്രതീക്ഷകൾക്ക് വേണ്ടി പ്രയത്നിക്കുന്നതിൽ ഒരിക്കലും കുറവു വരുത്തില്ല. ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം ഭാരത മാതാവ് മാത്രമാണ്. 140 കോടി ജനതയുടെ ക്ഷേമമാണ് തന്റെ ദൗത്യം. സഹസ്രാബ്ദങ്ങളോളം പീഡിപ്പിക്കപ്പെട്ടവരെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു.