ന്യൂഡൽഹി: ലോക ഭക്ഷ്യ സുരക്ഷാ ദിനം. എല്ലാവർഷവും ജൂൺ 7 നാണ് ഈ ദിനമായി ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം വ്യാപകമാകുന്നതിന്റെ അപകടത്തെക്കുറിച്ചുളള ഓർമ്മപ്പെടുത്തലുകൂടിയാണ് ഈ ദിനം.
മായം കലർന്ന ഭക്ഷണം കഴിച്ച് ലോകത്ത് പ്രതിദിനം 16 ലക്ഷം ആളുകൾ രോഗബാധിതരാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കണക്കിൽ പറയുന്നത്. ഇവരിൽ 40 ശതമാനത്തോളവും 5 വയസ്സിനു താഴെയുള്ള കുട്ടികളാണ് എന്നതാണ് ഏറെ ഗൗരവകരം. ഈ സാഹചര്യത്തിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണ് ലോകാരോഗ്യ സംഘടന റീജിയണൽ ഡയറക്ടർ സൈമ വാസെദ്.
പോഷകാഹാരക്കുറവും ശിശുമരണ നിരക്കും വെല്ലുവിളിയാകുന്നതിന് പുറമേയാണ് മായം കലർന്ന ഭക്ഷണവും കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നത്. 2018 ൽ ആണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം നിലവിൽ വരുന്നത്. “അപ്രതീക്ഷിതമായതിനു വേണ്ടി തയ്യാറെടുക്കുക ” എന്നതാണ് ഈ വർഷത്തെ പ്രമേയം.
2018 ൽ ആണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം നിലവിൽ വരുന്നത്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മലിന ഭക്ഷണം എന്ന വിപത്തിനെ കണ്ടെത്തുന്നതിനും തടയുന്നതിനും അതിനെതിരെ പ്രതികരിക്കുന്നതിനും വേണ്ടിയുള്ള ഈ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം “അപ്രതീക്ഷിതമായതിനു വേണ്ടി തയ്യാറെടുക്കുക ” എന്നതാണ്.
സുരക്ഷിമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടത്തെക്കുറിച്ചും സൈമ പറയുന്നു. ഇടത്തരം രാജ്യങ്ങളിൽ മായം കലർന്ന ഭക്ഷണം മൂലം പ്രതിവർഷം 110 ബില്യൺ ഡോളർ (91756 കോടി രൂപ) സാമ്പത്തിക നഷ്‌ടമുണ്ടാകുന്നു എന്നാണ് കണക്ക്. മറ്റു വെല്ലുവിളികൾക്കു പുറമെ പ്രതിവർഷം 150 ദശലക്ഷം രോഗങ്ങളും 175,000 മരണങ്ങളും ഇതുമൂലം സംഭവിക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഭക്ഷ്യ സുരക്ഷയെ അഭിസംബോധന ചെയ്യുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്നും സർക്കാരും ഉത്പാദകരും ഉപഭോക്താക്കളും തങ്ങളുടെ പങ്ക് കൃത്യമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതികൾ വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും സർക്കാർ ഒരു പ്രധാന പങ്ക് വഹിക്കുമ്പോൾ വിതരണ ശൃംഖലയുടെ സമഗ്രത ഉറപ്പുവരുത്തുന്നതിൽ ഉത്പാദകർ മറ്റൊരു സുപ്രധാന പങ്ക് വഹിക്കുന്നു.
വീട്ടിൽ സുരക്ഷിതമായ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി സ്വീകരിക്കുന്നതിലൂടെയും ഉപഭോക്താക്കൾക്കും മായം കലർന്ന ഭക്ഷണത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിക്കാമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു.
ഭക്ഷ്യ സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുകമാത്രമല്ല സാമ്പത്തിക സ്‌ഥിതി പരിപോഷിപ്പിക്കുകയും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പുവരുത്തുകയും നല്ല ഒരു ഭാവി തലമുറയെ വളർത്തിയെടുക്കുകയും ചെയ്യാം എന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.