കാൺപൂർ: ഭൂമി തട്ടിയെടുക്കാൻ വീടിന് തീവെച്ച സംഭവത്തിൽ സമാജ് വാദി പാർട്ടി എംഎൽഎ ഇർഫാൻ സോളങ്കി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം ജയിൽശിക്ഷ. കാൺപൂർ എംഎൽഎയായ ഇർഫാൻ സോളങ്കി, ഇളയ സഹോദരൻ റിസ് വാൻ സോളങ്കി ഉൾപ്പെടെയുള്ളവർക്കാണ് ശിക്ഷ ലഭിച്ചത്. ഇതിന് പുറമേ പ്രതികൾ പിഴയും അടയ്‌ക്കണം.
2022 നവംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഐപിസി 120 ബി ഉൾപ്പെടെയാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഭൂമി തട്ടിയെടുക്കാൻ ഗൂഡാലോചന നടത്തി വീടിന് തീവെയ്‌ക്കുകയായിരുന്നു എന്നാണ് പരാതി. നാസിർ ഫാത്തിമയാണ് പരാതി നൽകിയത്.
വാദത്തിനിടെ ഇർഫാൻ സോളങ്കിക്കെതിരെ ചുമത്തിയ 120 ബി, ഐപിസി 386, 149 വകുപ്പുകൾ കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ ഐപിസി 436, 427, 147, 504, 506, 323 വകുപ്പുകൾ എംഎൽഎയ്‌ക്കെതിരെ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം വിധി വന്നതോടെ ഇർഫാൻ സോളങ്കിയുടെ എംഎൽഎ പദവി നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കപ്പെടുമെന്നാണ് വ്യവസ്ഥ. ജജ്മാവ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാജ്ഗഞ്ച് ജയിലിൽ കഴിയുന്ന ഇർഫാൻ സോളങ്കിയെ വീഡിയോ കോൺഫറൻസിലൂടെ വിധി പ്രസ്താവം കേൾക്കാൻ കോടതിയിൽ ഹാജരാക്കിയിരുന്നു.















