മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധത്തിൽ വിജയം നേടാൻ ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവ ആക്രമണത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരമൊരു സാഹചര്യം നിലവില്ലെന്നും, ഈ ചർച്ചകൾ ഒഴിവാക്കണമെന്നും പുടിൻ പറയുന്നു.
” യുക്രെയ്‌നിൽ വ്യക്തമായ മുന്നേറ്റം നടത്താൻ റഷ്യയ്‌ക്ക് സാധിക്കുന്നുണ്ട്. ആണവ ആയുധങ്ങൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം നിലവിൽ കാണുന്നില്ല. അതുകൊണ്ട് തന്നെ ആളുകൾ ഈ വിഷയം ചർച്ച ചെയ്യുന്നത് ഒഴിവാക്കണം” പുടിൻ പറഞ്ഞു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തിയായ റഷ്യ ആണവ സിദ്ധാന്തത്തിലെ മാറ്റങ്ങളെ തള്ളില്ലെന്നും അറിയിച്ചിട്ടുണ്ട്. ”രാജ്യത്തിന് ആണവായുധങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു സിദ്ധാന്തമുണ്ട്. ശത്രുക്കൾക്കെതിരെ ഏത് സമയത്തും ആയുധം ഉപയോഗിക്കും.
രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്‌ക്കും വെല്ലുവിളിയായി ഏതെങ്കിലും ശക്തികൾ വന്നാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ല. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. നിരന്തരമായി രാജ്യത്തിനെതിരെ ഭീഷണി ഉയരുകയാണെങ്കിൽ അവിടെ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെയാണ് പരമ പ്രധാനമായി നോക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ കൈകടത്താൻ ഒരു ശക്തിയേയും അനുവദിക്കില്ല. ഭീഷണികൾ ഉയരുമ്പോൾ അതിന് തിരിച്ചടിയായി ആണവായുധം പ്രയോഗിക്കാമെന്നാണ് റഷ്യയുടെ നയമെന്നും പുടിൻ കൂട്ടിച്ചേർത്തു.