ന്യൂഡൽഹി: പ്രധാനമന്ത്രിയായി മൂന്നാം വട്ടം നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുമ്പോൾ കനത്ത സുരക്ഷാ വലയത്തിലാണ് ഡൽഹിയും പരിസര പ്രദേശങ്ങളും. നാളെ രാഷ്‌ട്രപതി ഭവനിൽ വച്ച് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നാളെ വൈകിട്ട് 7.15നാണ് ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പുറമെ, അഭിഭാഷകർ, ഡോക്ടർമാർ, കലാ-കായിക രംഗത്ത് നിന്നുള്ളവർ, സാംസ്‌കാരിക പ്രവർത്തകർ, വ്യവസായികൾ, വികസിത് ഭാരത് അംബാസിഡർമാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, ട്രാൻസ്‌ജെൻഡേഴ്‌സ്, വനവാസി യുവതികൾ, ശുചീകരണ തൊഴിലാളികൾ, പത്മ പുരസ്‌കാര ജേതാക്കൾ, വിവിധ മത നേതാക്കൾ, വന്ദേഭാരത്-മെട്രോ ട്രെയിൻ പദ്ധതികളുടെ ഭാഗമായവർ, റെയിൽവേ ജീവനക്കാർ തുടങ്ങിയവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന സെൻട്രൽ വിസ്തയുടെ നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്കും പ്രത്യേക ക്ഷണമുണ്ട്.
സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നും ഉള്ളവർക്കായി പ്രത്യേക സ്ഥാനം ചടങ്ങിൽ ഉണ്ടാകുമെന്നും, വിഐപികൾക്കും വിവിഐപികൾക്കും മാത്രം ക്ഷണം നൽകുന്ന കാലം അതിക്രമിച്ചുവെന്നും ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പരിപാടിക്ക് മുന്നോടിയായി ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്‌ട്രപതിഭവൻ, കർത്തവ്യപഥ് തുടങ്ങിയവയ്‌ക്ക് പുറമെ, ക്ഷണിതാക്കൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന താജ്, മൗര്യ, ലീല, ഒബ്റോയ് ഹോട്ടലുകളും കനത്ത സുരക്ഷാ വലയത്തിലാണ് ഉള്ളത്.
വ്യോമസേനയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യാതിർത്തികളിലും, വിവിധ ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി. പ്രത്യേക കൺട്രോൾ റൂമുകളും പലയിടങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ രാഷ്‌ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.