ന്യൂഡൽഹി: ഞായറാഴ്ച നടക്കുന്ന മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വന്ദേഭാരതിലെ ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോന് ക്ഷണം. അങ്കമാലി സ്വദേശിയായ ഐശ്വര്യ, ചെന്നൈ- ഇറോഡ്, ചെന്നൈ-റെനിഗുഡ റൂട്ടിലാണ് വന്ദേഭാരത് ഓടിക്കുന്നത്. ചടങ്ങിൽ വന്ദേഭാരത് ഓടിക്കുന്ന പത്ത് ലോക്കോ പൈലറ്റുമാർക്കണം ക്ഷണം ലഭിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയെ പ്രതിനീധികരിച്ചാണ് ഐശ്വര്യ പങ്കെടുക്കുന്നത്.
ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവിനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്-സോലാപൂരിൽ റൂട്ടിലാണ് സുരേഖ വന്ദേഭാരത് ഓടിക്കുന്നത്. സെമി-ഹൈ സ്പീഡ് ട്രെയിൽ ഓടിച്ച ആദ്യ ഏഷ്യക്കാരി എന്ന റെക്കോർഡിന് ഉടമയായ ഇവർ 1988-ലാണ് ജോലിയിൽ പ്രവേശിച്ചത്.
ശുചീകരണ തൊഴിലാളികൾ, ട്രാൻസ്ജെൻഡർമാർ, സെൻട്രൽ വിസ്ത പ്രോജക്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ എന്നിവരും രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 8,000 ലധികം അതിഥികളാണ് ആകെ പങ്കെടുക്കുന്നത്. ചടങ്ങിലേക്ക് ദക്ഷിണേഷ്യൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.