ആലപ്പുഴ: എൽഡിഎഫിൽ മുസ്ലിം പ്രീണനം വർദ്ധിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗക്കാരനെ എൽഡിഎഫും യുഡിഎഫും വഞ്ചിക്കുകയാണെന്നും ബിജെപിയാണ് അവർക്ക് രക്ഷകരായി വന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൽഡിഎഫിന്റെ മുസ്ലിം പ്രീണനത്തിൽ ദുഃഖിതരായ പിന്നാക്ക ക്കാരുടെ വോട്ട് ബിജെപിയിലേക്ക് വലിയ തോതിൽ ഒഴുകിയെന്നും മാധ്യമങ്ങളോട് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
“പട്ടികജാതി പട്ടികവർഗ്ഗക്കാരന്, അല്ലെങ്കിൽ പിന്നാക്കക്കാരന് ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാൻ ഇവിടെ സാധിക്കുന്നില്ല. എല്ലാ മേഖലയിലുമുള്ള ദാരിദ്ര്യത്തിൽ നിന്ന് അവന് മോചനം ഇല്ല. വിദ്യാഭ്യാസത്തിൽ ആയാലും, രാഷ്‌ട്രീയത്തിൽ ആയാലും ശരി. രാഷ്‌ട്രീയത്തിൽ അവൻ എവിടെയെത്തി. തല്ലും കൊണ്ട് ചോരയും കൊടുത്ത് പാർട്ടി വലുതാക്കിയ പട്ടികജാതി പട്ടികവർഗ്ഗക്കാരനെ മാറ്റിനിർത്തുന്നു. ഒരു ന്യൂനപക്ഷക്കാരൻ വന്നാൽ അവന് ഡബിൾ പ്രമോഷൻ കൊടുത്ത് അയാളെ വേണമെങ്കിൽ എൽസി സെക്രട്ടറിയാക്കും. പിന്നെ അവനെ എംഎൽഎ ആക്കും മന്ത്രിയാക്കും. അതേസമയം, ഈ പാർട്ടി വളർത്തിയ പിന്നാക്കകാരന് ഒരു സ്ഥാനവും സിപിഎം നൽകില്ല”.
“മതവും ജാതിയും നോക്കി മാത്രം ന്യൂനപക്ഷക്കാരനെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ നോക്കുകയാണ് ഇടതുപക്ഷം. കേരള രാഷ്‌ട്രീയത്തിൽ പിന്നാക്കക്കാരൻ രാഷ്‌ട്രീയമായി പിന്തള്ളപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഈഴവർ അടക്കമുള്ള പിന്നാക്കക്കാർ എൻഡിഎയിലേക്കും ബിജെപിയിലേക്കും പോകുന്നു. അതാണ് ആലപ്പുഴ ജില്ലയിൽ ശോഭാ സുരേന്ദ്രന് വോട്ട് വർദ്ധിച്ചത്. ആലപ്പുഴയിൽ മാത്രമല്ല, എല്ലാ ജില്ലയിലും അങ്ങനെ തന്നെ. യുഡിഎഫിലും എൽഡിഎഫിലും രക്ഷയില്ലാതെ വന്നപ്പോൾ, അവർക്ക് രക്ഷകരായി ബിജെപി വന്നു”.
“കേരളത്തിൽ എല്ലാ സമ്പത്തും ന്യൂനപക്ഷങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നു.എൽഡിഎഫിൽ മുസ്ലിം പ്രീണനം കൂടി. ഇടതുപക്ഷത്തിന് അവരുടെ ആദർശം വെടിയേണ്ടി വന്നു. ഇപ്പോൾ അടവുനയം മാത്രമാണ്. സംഘടിത വോട്ട് ബാങ്കിന്റെ പിറകെയാണ് ഇടതുപക്ഷം. കോടിക്കണക്കിന് പിന്നാക്കക്കാരാണ് കേരളത്തിൽ ദുഃഖം അനുഭവിക്കുന്നത്. അവരുടെ ദുഃഖമാണ് ബിജെപിക്ക് വോട്ടായി മാറിയത്”- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.