ഭുവനേശ്വർ: 24 വർഷത്തിനൊടുവിൽ ഒഡിഷ തൂത്തുവാരിയാണ് നവീൻ പട്നായിക് ഭരണത്തിന് ബിജെപി ഫുൾ സ്റ്റോപ്പിട്ടത്. ബിജെഡിയെ നിഷ്പ്രഭമാക്കിയാണ് ബിജെപി അട്ടിമറി വിജയം കരസ്ഥമാക്കിയത്. ബിജെഡിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന 45 നിയമസഭ മണ്ഡലങ്ങളിലും ഒൻപത് ലോക്സഭ മണ്ഡലങ്ങളിലും ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു.
147 അംഗ നിയമസഭയിൽ 78 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. ബിജെഡി 51 സീറ്റിലൊതുങ്ങുകയായിരുന്നു. ജയിച്ച 78 സീറ്റുകളിൽ 45 സീറ്റുകളിലും അക്ഷരാർത്ഥത്തിൽ ബിജെപി ചരിത്രമെഴുതുകയായിരുന്നു. 57 ശതമാനത്തോളം വരുമിത്. ഇതിൽ മിക്ക സീറ്റുകളും ബിജെഡി കോട്ടകളായിരുന്നു. രാഷ്‌ട്രീയ പ്രവചനങ്ങളെയും അവലോകനങ്ങളെയും നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള വിജയമാണ് ഇത്തവണ ബിജെപി സൃഷ്ടിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെഡിക്ക് നിരാശ മാത്രമായിരുന്നു ഫലം. ഒരു സീറ്റ് പോലും നേടാൻ കഴിയാത്തത് പട്നായിക്കിന്റെ പരാജയം തന്നെയാണെന്നാണ് ജനാഭിപ്രായം. നവീൻ പട്നായിക്കിന്റെ കോട്ടകളായിരുന്ന മണ്ഡലങ്ങളാണ് ബിജെപി നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഒഡിഷയ്‌ക്ക് നവീൻ പട്‌നായിക്കിനപ്പുറം മറ്റൊരു നേതാവില്ലായിരുന്നു. ഒഡിഷയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന പട്നായിക്കിനെയാണ് ജനം ഇത്തവണ കൈവിട്ടത്. കോൺഗ്രസ് കുത്തകയായിരുന്ന ഒഡിഷയിൽ അട്ടിമറി വിജയവുമായി 2000-ത്തിൽ അധികാരത്തിലെത്തിയ നവീൻ പട്നായിക്കിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
മോദി തരംഗമാണ് ഒഡീഷയിൽ റെക്കോർഡ് വിജയം നേടാൻ സാധിച്ചതെന്ന് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മോദിയുടെ നേതൃത്വത്തിന് കീഴിൽ ഒഡീഷയുടെ വികസനത്തിനായി ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് ഫലത്തിന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമാൽ പറഞ്ഞത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഒഡീഷയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന നവീൻ പട്നായിക്കിനെയാണ് ജനം ഇത്തവണ കൈവിട്ടിരിക്കുന്നത്. കോൺഗ്രസ് കുത്തകയായിരുന്ന ഒഡിഷയിൽ അട്ടിമറി വിജയവുമായാണ് 2000-ത്തിൽ അധികാരത്തിലെത്തുന്നത്. പിന്നീട് നവീൻ പട്നായിക്കിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
എന്നാൽ വികസന മുരടിപ്പും നവീൻ പട്‌നായിക്കിന്റെ അനാരോഗ്യവും ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഇതിന് പുറമെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിൻറെ താക്കോൽ കാണാതായത് ഉൾപ്പടെയുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചൂടൻ വിഷയങ്ങളായിരുന്നു.