മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഏറനാട് എംഎൽഎ പി.കെ ബഷീർ. പൊതുവേദിയിൽ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പേര് വലിച്ചിടുകയും അധിക്ഷേപിക്കുകയുമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഫുൾ എ+ നേടിയ കുട്ടികൾക്ക് അവാർഡ് നൽകുന്ന പരിപാടിയിലാണ് എംഎൽഎ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അധിക്ഷേപിച്ചത്.
നിങ്ങൾക്ക് അറിയുമോ ഒരു എംഎൽഎ ആയിട്ടും തനിക്ക് എവിടെയെങ്കിലും പോയാൽ പെട്ടന്ന് കാര്യം സാധിച്ച് മടങ്ങി വരണമെന്ന് തോന്നും. കാരണം ഉളളിൽ ഒരു ഭയമാണ്. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു സമാധാനം കിട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിൽ വരുമെന്നും ചടങ്ങിൽ പികെ ബഷീർ തട്ടിവിടുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുന്ന പൊതുവേദിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പരസ്യമായി ആക്ഷേപിച്ചതിലും വർഗീയത കുത്തിനിറയ്‌ക്കാൻ ശ്രമിച്ചതിലും പികെ ബഷീറിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ അസൂയാവഹമായ മുന്നേറ്റമാണ് പികെ ബഷീറിന്റെ വാക്കുകൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ താമര വിരിയില്ലെന്ന ഇടത്- വലത് മുന്നണികളുടെ കുപ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയാണ് സുരേഷ് ഗോപിയിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്. ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ പാർട്ടിയുടെ വോട്ടുവിഹിതത്തിലും 20 ശതമാനം വർദ്ധനയുണ്ടായി. 11 നിയമസഭാ മണ്ഡലങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ ഒന്നാമതെത്തിയത്.















