മലയാളികൾക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. 1988-ൽ പുറത്തിറങ്ങിയ ‘ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്’ ആണ് വിജി തമ്പി സംവിധാനം ചെയ്ത ആദ്യ ചിത്രം. സൂര്യമാനസം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഇപ്പോഴിതാ, 90 കളിലെ സിനിമയും പുതിയ കാലത്തെ സിനിമയും തമ്മിലുള്ള വ്യത്യാസത്തെ പറ്റി പറയുകയാണ് വിജി തമ്പി. 1889ൽ പുറത്തിറങ്ങിയ കാലാൾപ്പട എന്ന തന്റെ സിനിമയെ ഉദാഹരണമാക്കി കൊണ്ടാണ് ഇന്നത്തെ സിനിമയുടെ പ്രത്യേകതകളെപ്പറ്റി സംവിധായകൻ മനസ് തുറന്നത്.
“പഴയകാലത്ത് ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് വളരെ കുറച്ച് സമയം കൊണ്ടാണ്. 12 ദിവസം കൊണ്ട് 20 ദിവസം കൊണ്ടുമെല്ലാം ഞാൻ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇന്നിപ്പോ ഒരു സിനിമ ഷൂട്ട് ചെയ്യണമെങ്കിൽ മാസങ്ങളോളം എടുക്കും. അന്നൊക്കെ ഒരു സിനിമ തുടങ്ങിയ ഒരു ദിവസം പോലും താമസിക്കാൻ പാടില്ല. എത്രയും വേഗം തീർക്കണമായിരുന്നു. ഒരു യുദ്ധം പോലെയായിരുന്നു. ഏഴു ദിവസം ഉറങ്ങാതെ ഇരുന്ന് ഞാൻ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. കാലാൾപ്പട എന്ന ചിത്രമാണ് ഒരു നിമിഷം പോലും ഉറങ്ങാതെ ഞാൻ ഷൂട്ട് ചെയ്ത് തീർത്തത്”.
“കാലാൾപ്പടയുടെ ക്ലൈമാക്സ് തിരുവനന്തപുരത്ത് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ് സെറ്റ് ഇട്ടിരുന്നത്. അനുവദിച്ച സമയത്തിൽ കൂടുതൽ ദിവസം ഷൂട്ട് ചെയ്യാൻ കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏഴു ദിവസം കൊണ്ട് സിനിമ പൂർത്തിയാക്കണം. അങ്ങനെ ഏഴുദിവസം മുഴുവൻ സമയവും ഷൂട്ടിംഗ് നടന്നു. ഷൂട്ട് ചെയ്തു തീർക്കാൻ രണ്ട് ക്യാമറമാൻ മാർ. സന്തോഷ് ശിവനും കെജി ജയനും. ഒരു ദിവസം 7 മണിക്ക് ഷൂട്ടിംഗ് തുടങ്ങിയാൽ പിറ്റേദിവസം ആറുമണിവരെ അത് തുടരും. ഇന്ന് അങനെയല്ല, വളരെ സമാധാനത്തോടെ സിനിമ ചെയ്യാം”- വിജിതമ്പി പറഞ്ഞു.















