ബെയ്ജിംഗ്; ബജറ്റ് പോലും നീട്ടിവെച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഷെഹബാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തും. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പൂർത്തീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇരുനേതാക്കളും പ്രസ്താവിച്ചു. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിനെ ഉൾപ്പെടെ ഷെഹ്ബാസ് ഷെരീഫ് സന്ദർശിച്ചു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് പാകിസ്താൻ പ്രധാനമന്ത്രിയും ഉദ്യോഗസ്ഥ സംഘവും ചൈനയിൽ എത്തിയിരിക്കുന്നത്. ഫെബ്രുവരി എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം പാക് പ്രധാനമന്ത്രിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്. സാധാരണയായി ജൂൺ ആദ്യ ആഴ്ചയാണ് പാകിസ്താന്റെ വാർഷിക ബജറ്റ് അവതരിപ്പിക്കാറുളളത്. എന്നാൽ പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം മുൻനിർത്തി ബജറ്റ് അവതരണം ജൂൺ 12 ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
പാകിസ്താനിലേക്ക് ചൈനീസ് നിക്ഷേപം ആകർഷിക്കുകയും പാക് – ചൈന സാമ്പത്തിക ഇടനാഴിയുടെ രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഷെരീഫിന്റെ സന്ദർശനത്തിലെ അജണ്ടയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന പാകിസ്താനിൽ ചൈനീസ് വ്യവസായങ്ങൾ എത്രത്തോളം നിക്ഷേപം നടത്തുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് പാക് മാദ്ധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നത്.
സാമ്പത്തിക വികസനം, സുസ്ഥിര വളർച്ച, വ്യവസായ-കാർഷിക മേഖലയിലെ വികസനം, കണക്ടിവിറ്റി വികസനം, ഇരു രാജ്യങ്ങളുടെയും വികസനത്തിൽ സാമ്പത്തിക ഇടനാഴി വഹിക്കുന്ന പങ്ക് എന്നിവയെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.















