ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് . സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ലോകനേതാക്കളും തലവൻമാരും പങ്കെടുക്കും. സുരക്ഷ കണക്കിലെടുത്ത് പാർലമെൻ്റ് മന്ദിരത്തിന്റെയും രാഷ്‌ട്രപതിഭവന്റെയും നോർത്ത് സൗത്ത് ബ്ലോക്കിന്റെയും എല്ലാ ഭാഗത്തും കമാൻഡോകളെയും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാകും രാഷ്‌ട്രപതി ഭവന് പുറത്ത് കാവൽ ഒരുക്കുക . അർദ്ധസൈനികരെയാണ് ചടങ്ങ് നടക്കുന്ന രാഷ്‌ട്രപതി ഭവനിൽ അകത്തെ വളയത്തിൽ വിന്യസിച്ചിരിക്കുന്നത് . അഞ്ച് കമ്പനി അർദ്ധസൈനിക വിഭാഗങ്ങളും ഡൽഹി ആംഡ് പോലീസ് (ഡിഎപി) ഉദ്യോഗസ്ഥരും ഉൾപ്പെടെ 2500 ഓളം പോലീസുകാരെ സുരക്ഷയ്‌ക്കായി വേദിക്ക് ചുറ്റും വിന്യസിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
ത്രിതല സുരക്ഷയ്‌ക്ക് പുറമെ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശ അതിഥികളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്‌ക്കും കർശനമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവരുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിൽ സ്‌നൈപ്പർമാരെയും സായുധ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. മികച്ച നിരീക്ഷണത്തിനായി വിവിധ സ്ഥലങ്ങളിൽ ഡ്രോണുകളും വിന്യസിക്കും.
തലസ്ഥാനത്ത് പാരാഗ്ലൈഡറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യുവി, യുഎഎസ്, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ എന്നിവ നിരോധിച്ചു കഴിഞ്ഞു. ഈ നിരോധനം ജൂൺ 9 മുതൽ 11 വരെ തുടരും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശികൾ താമസിക്കുന്ന ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിഥികളുടെ പ്രോട്ടോക്കോളുകൾ അനുസരിച്ച് ഹോട്ടലുകളുടെ സുരക്ഷ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട് .
നിരവധി വിദേശ നേതാക്കളെ കൂടാതെ വിവിധ മതങ്ങളിൽ നിന്നുള്ള 50 മതനേതാക്കളും സത്യപ്രതിജ്ഞയിൽ പങ്കെടുക്കും. ഇത് കൂടാതെ അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, പത്മവിഭൂഷൺ, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചവരും പരിപാടിയിൽ പങ്കെടുക്കും.















