തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമം. സുരേഷ് ഗോപി ഡൽഹിയിലേക്ക്. നരേന്ദ്ര മോദി നേരിട്ട് വിളിച്ചെന്നും ഡൽഹിയിലെത്താൻ നിർദ്ദേശിച്ചതായും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര നേതൃത്വം എന്ത് പറഞ്ഞാലും അക്കാര്യം അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12.30-നുള്ള വിമാനത്തിലാകും അദ്ദേഹം ഡൽഹിക്ക് പുറപ്പെടുക. ഭാര്യ രാധികയും അദ്ദേഹത്തിനൊപ്പമുണ്ട്.
കേന്ദ്രമന്ത്രിസഭയിൽ ഇടം ഉറപ്പിച്ചിട്ടും സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ വൈകിയതോടെ മാദ്ധ്യമങ്ങൾ പല കഥകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ മറുപടിയോടെ ഈ അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. വേറൊന്നുമില്ലെന്നും എന്റെ നേതാക്കൾ വിളിച്ചു ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടു എന്ന് മാത്രമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഏത് വകുപ്പാണെന്ന് സൂചന കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആദ്യം ആഘോഷങ്ങൾ കഴിയട്ടെ എന്നായിരുന്നു മറുപടി.
കേരളത്തിന്റെ അംബാസിഡറായിരിക്കുമോ എന്ന ചോദ്യത്തിന് ഞാൻ എംപിയായിരുന്നാലും അങ്ങനെ ആയിരിക്കുമെന്ന് ആയിരുന്നു മറുപടി. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കും. എന്റെ പ്രചാരണ യോഗങ്ങളിൽ ഉൾപ്പെടെ ഞാൻ അക്കാര്യം പറഞ്ഞിട്ടുണ്ട്. തൃശൂരിലെ ജനങ്ങൾ അത് കൈയ്യടിച്ച് പാസാക്കുകയും ചെയ്തതാണ്.