ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത് 38 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരരെ. പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ നെടുംതൂണായി കരുതപ്പെടുന്ന ആക്രമണസംഘത്തിലുള്ളവരെയാണ് വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നാരായൺപുർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 6 നക്സലൈറ്റുകളെയാണ് വധിച്ചത്.
ജൂൺ ആറിന് അർധരാത്രിയോടെ ആയിരുന്നു ഏറ്റുമുട്ടൽ നടന്നത്. നീണ്ട നേരത്തെ വെടിവയ്പ്പിന് ശേഷം നക്സലുകൾ ഉൾവനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആറ് ആയുധധാരികളായ നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെത്തി. മെസിയ മാണ്ഡവി(32 ), രമേശ് കോറം (29) സുന്ദരി, സജാന്റി പോയം, ജെന്നി (28), ജയ്ലാൽ സലാം എന്നിവരാണ് കൊല്ലപ്പെട്ട നക്സൽ ഭീകരർ.
ഏറ്റുമുട്ടലിൽ സുരക്ഷാസേനയിലെ ഒരു സബ് ഇൻസ്പെക്ടറിനും രണ്ട് രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്. ഈ വർഷം നടന്ന ഏറ്റുമുട്ടലുകളിൽ ആകെ 123 നക്സലൈറ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ബസ്തർ മേഖലയിൽ മാത്രം 136 ൽ അധികം തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. അതേസമയം 339 നക്സലൈറ്റുകൾ ഏറ്റുമുട്ടലുകൾക്കൊടുവിൽ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.















