പത്തനതിട്ട: വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ജേക്കബ് വളയമ്പള്ളി അടക്കം 12 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. നാല് ദിവസം വൈകിയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്.
കൊച്ചുകോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് കേസ്. വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികൾ സംഘം ചേർന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ് ഐ ആറിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
റോഡ് വക്കിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥർ തടികൾ പരിശോധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സിപിഎം പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റം, കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പത്തനംതിട്ട അടവി ഇക്കോ ടൂറിസം സെന്റർ അടച്ചിട്ടിരുന്നു. പിന്നീട് സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ടൂറിസം സെന്റർ വീണ്ടും തുറന്നത്. വനഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിമരം നീക്കം ചെയ്തതിനെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. സിപിഎം പ്രവർത്തകർ കാരണം ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.