ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ ഇൻഡി സഖ്യത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുളളവർ പങ്കെടുക്കണോയെന്ന് തീരുമാനിച്ചിട്ടില്ല.
പ്രതിപക്ഷ നേതാക്കളെ വിളിച്ചതിൽ തന്നെ വേർതിരിവാണെന്നാണ് കെസി വേണുഗോപാൽ ആരോപിക്കുന്നത്. ഇൻഡി സഖ്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും അതിന് ശേഷമാകും ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഇന്ന് രാത്രി 7.15 നടക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 8,000 പേരാണ് പങ്കെടുക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്ന് നേതാക്കൾ ഇതിനോടകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ഡൽഹിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.