തിരുവനന്തപുരം: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കാനിരിക്കെ കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിലുള്ള എല്ലാവരും ഡൽഹിയിലേക്ക് തിരിച്ചു. സുരേഷ് ഗോപിയോട് ഉടൻ ഡൽഹിയിലെത്തണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹവും ഭാര്യയും രാവിലെയാണ് കേരളത്തിൽ നിന്ന് പുറപ്പെട്ടത്.
സംസ്ഥാനത്തെ ഏക ബിജെപി എംപിയായ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന സൂചന പുറത്തുവരുന്നതിന് ഇടയിലാണിത്. ഇപ്പോൾ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷും ഭർത്താവ് ശ്രേയസ് മോഹനും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. അച്ഛൻ മന്ത്രിയാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഭാഗ്യ ജനംടിവിയോട് പ്രതികരിച്ചു.
സുരേഷ് ഗോപിക്ക് പുറമെ കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ കേരളത്തിൽ നിന്ന് ജോർജ് കുര്യനുമുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കുര്യൻ. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനവും നിർവഹിച്ചിട്ടുണ്ട്.















