ടി20 ലോകകപ്പിൽഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ അസംഖാൻ കളിക്കില്ല. പരിക്കെന്നാണ് വിശദീകരണം. പകരം ഓൾറൗണ്ടർ ഇമാദ് വസീം ടീമിലെത്തുമെന്നാണ് സൂചന. പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
ഇന്ന് നടന്ന പരിശീലനത്തിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫിറ്റ്നസിൽ വലിയ വെല്ലുവിളി നേരിടുന്ന താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും നീക്കിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി വ്യാപക വിമർശനമാണ് താരത്തിന് സ്വന്തം ആരാധകരിൽ നിന്ന് നേരിടേണ്ടി വരുന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും മോശം പ്രകടനമായിരുന്നു അസംഖാന്റെ ഭാഗത്തു നിന്നുണ്ടായത്. ലോകകപ്പിലെ മത്സരങ്ങളിലും രണ്ടക്കം കടക്കാൻ സാധിച്ചിരുന്നില്ല. വിക്കറ്റ് കീപ്പിംഗിലും അമ്പേ പരാജയമായ താരത്തെ നെപ്പോ കിഡ്ഡെന്നാണ് ആരാധകർ വിളിക്കുന്നത്. മുൻ താരം മോയിൻ ഖാന്റെ മകനാണ് അസം ഖാൻ.