ഭാരതത്തിന്റെ ഉപരിതല റോഡ് ഗതാഗത മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ എക്സ്പ്രസ് വേ മാൻ നിതിൻ ജയ്റാം ഗഡ്കരി, എൻഡിഎ സർക്കാരിന്റെ മൂന്നാം മന്ത്രിസഭയിലേക്ക്. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ എൻഡിഎ സർക്കാരിന്റെ മന്ത്രിസഭയിൽ ഉപരിതല റോഡ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന നിതിൻ ഗഡ്കരി ഇത്തവണയും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ജന്മഭൂമിയായ നാഗ്പൂരിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം ഹാട്രിക് നേട്ടത്തിന്റെ തിളക്കത്തിലാണ്.
ആർഎസ്എസുകാരനിൽ നിന്ന് രാജ്യം കണ്ട ഏറ്റവും മികച്ച റോഡ്-ഗതാഗത മന്ത്രിയിലേക്ക് വളർന്ന ഗഡ്കരിയുടെ ജൈത്രയാത്ര വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിലും നിർണായക പങ്കുവഹിക്കുന്നു. 2013-14 കാലത്ത് ഭാരതത്തിലെ ദേശീയപാതകളുടെ നീളം ഏകദേശം 90,000 കി.മീറ്ററായിരുന്നു. എന്നാൽ നിതിൻ ഗഡ്കരി ചുമതലയേറ്റ് 10 വർഷത്തിനകം ഇത് 1,45,000 കടന്നു. ഭാരതം ചൈനയേയും പിന്തള്ളി മുന്നേറി. ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യമെന്ന അതുല്യനേട്ടം ഭാരതം സ്വന്തമാക്കി. മുന്നിൽ ഇനി അമേരിക്ക മാത്രം. വികസനമെന്ന സ്വപ്നത്തിലേക്കുള്ള പാതകളാണ് താൻ കെട്ടിപ്പടുക്കുന്നതെന്ന ഗഡ്കരിയുടെ ഹ്രസ്വമായ മറുപടിയിൽ കാര്യപ്രാപ്തിയും ഇച്ഛാശക്തിയുമുള്ള നേതാവിനെ ഓരോ ഭാരതീയനും കാണാൻ കഴിഞ്ഞിരുന്നു.
വ്യക്തമായ രാഷ്‌ട്രീയമുണ്ടായിരുന്നിട്ട് പോലും ‘ഹേറ്റേഴ്സില്ലാത്ത’ രാഷ്‌ട്രീയക്കാരനെന്ന ഖ്യാതിയും ഗഡ്കരിക്ക് സ്വന്തമാണ്. ദേശീയതലത്തിൽ മാത്രമല്ല, ബിജെപിയുടെ നിത്യവിമർശകരായ കേരളത്തിലെ ഇടതുമുന്നണിയും കോൺഗ്രസ് നേതാക്കളുമടക്കം ഗഡ്കരിയെ പരസ്യമായി പുകഴ്‌ത്താൻ മടികാണിച്ചിരുന്നില്ല. എതിരാളികളുടെ കയ്യടികൾ വാങ്ങിയ അപൂർവ്വം നേതാക്കളിലൊരാൾ കൂടിയായി ഗഡ്കരി മാറി.
1957 മെയ് 27ന് നാഗ്പൂരിലെ ഒരു മറാത്തി കാർഷിക കുടുംബത്തിലായിരുന്നു ഗഡ്കരിയുടെ ജനനം. ദയാലുവായ അമ്മയുടെ സാമൂഹ്യസേവനങ്ങൾ ഗഡ്കരിയുടെ ജീവിതത്തിലുടനീളം വലിയ സ്വാധീനം ചെലുത്തിയിരുന്നു. കേവലമൊരു സാമൂഹ്യപ്രവർത്തകനിൽ നിന്നും ശബ്ദമുയർത്തി പ്രതികരിക്കുന്ന രാഷ്‌ട്രീയ നേതാവിലേക്കുള്ള ഗഡ്കരിയുടെ യാത്ര ആരംഭിക്കുന്നത് 1975ൽ അടിയന്തരാവസ്ഥ കാലത്താണ്. വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ അദ്ദേഹം ശക്തമായ പ്രചാരണം നടത്തി. എബിവിപിയിലും തുടർന്ന് ആർഎസ്എസിലും സജീവമായ ഗഡ്കരി സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങി പ്രവർത്തിക്കാൻ ആരംഭിച്ചു. രാഷ്‌ട്രീയത്തിൽ ഇടതടവില്ലാതെ പ്രവർത്തിക്കുമ്പോഴും പഠനത്തിൽ വിട്ടുവീഴ്ച വരുത്താതിരുന്ന ഗഡ്കരി കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും നിയമപഠനവും പൂർത്തിയാക്കിയതിനൊപ്പം ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ലോമയും കൈമുതലാക്കി.
1980കളിലാണ് ഗഡ്കരി ഔഗ്യോഗികമായി രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. എബിവിപിയിൽ നിന്നും യുവമോർച്ചയിൽ സജീവമായ ഗഡ്കരി പിന്നീട് വിദർഭയിലെ ബിജെപി നേതാവായി. തുടർച്ചയായി നാല് തവണ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതൃസ്ഥാനം (1999-2005) വഹിച്ചു. 2005ൽ ബിജെപിയുടെ മഹാരാഷ്‌ട്ര സംസ്ഥാന അദ്ധ്യക്ഷനായ അദ്ദേഹം 2009 ആകുമ്പോഴേക്കും തന്റെ 52-ാം വയസിൽ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ പദവിയെ അലങ്കരിച്ചു. ബിജെപിയുടെ താഴേത്തട്ടിൽ നിന്നുള്ള പ്രവർത്തകനിൽ നിന്ന് ദേശീയതലത്തിലേക്ക് ഗഡ്കരി ഉയർന്നുവന്നു.
വാർഷിക ബജറ്റിൽ നിന്നും അനുവദിക്കപ്പെടുന്ന തുച്ഛമായ വിഹിതത്തെ മാത്രം ആശ്രയിച്ചല്ല ഗഡ്കരി മുന്നോട്ട് കുതിച്ചത്. ഔട്ട്-ഓഫ്-ദി-ബോക്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്താശേഷി. ചുമതല വഹിക്കുന്ന മന്ത്രാലയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിലും അഗ്രഗണ്യനായിരുന്നു ഗഡ്കരി.
കൃത്യനിഷ്ഠയോടെ ചുമതലകൾ നിർവഹിക്കുന്ന അദ്ദേഹം ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ പൂർണമായും സ്വാംശീകരിച്ച പ്രവർത്തകൻ കൂടിയായിരുന്നു. പാർട്ടിക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങി പ്രവർത്തിക്കുന്ന ഓരോ എളിയ പ്രവർത്തകനോടും അദ്ദേഹം അങ്ങേയറ്റം ആദരവോടെ പെരുമാറി.
ഇത്തവണ നാഗ്പൂരിൽ നിന്ന് തുടർച്ചയായി മൂന്നാമതും ജനവിധി തേടിയ അദ്ദേഹം കോൺഗ്രസിന്റെ വികാസ് താക്രയോട് പൊരുതി 6,55,027 വോട്ടുകളാണ് സ്വന്തമാക്കിയത്. 54.07 ശതമാനം വോട്ടും പെട്ടിയിലാക്കി ഹാട്രിക് വിജയമുറപ്പിച്ചു. വീണ്ടും കേന്ദ്രമന്ത്രിസഭയിൽ മൂന്നാമൂഴത്തിന് ഇറങ്ങിയ ഗഡ്കരി തിളക്കമാർന്ന പ്രകടനം തുടരുമെന്ന് സുനിശ്ചിതം.