പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മൂന്നാം എൻഡിഎ സർക്കാരിലെ കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനങ്ങൾ അറിയിച്ച് ഉണ്ണി മുകുന്ദൻ. നേതൃമികവിനും രാഷ്‌ട്രത്തോടുള്ള പ്രതിബദ്ധതയ്‌ക്കും ലഭിക്കുന്ന അംഗീകാരമാണിതെന്നും പ്രധാനമന്ത്രിക്ക് കീഴിൽ രാജ്യം വീണ്ടും പുരോഗതി കൈവരിക്കുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
അർപ്പണ ബോധവും ഭരണ നിർവ്വഹണവും ജനങ്ങൾ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിൽ. രാജ്യത്തെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന് കീഴിൽ സർവ്വമേഖലകളിലും രാജ്യം പുരോഗതി കൈവരിക്കുന്നത് കാണാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. കേന്ദ്ര സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിലെ ജനങ്ങൾക്ക് അഭിമാനമാണെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും 72 മന്ത്രിമാർക്കും സത്യവാചകം ചൊല്ലി കൊടുത്തത്. 52-ാമനായി എത്തിയ സുരേഷ് ഗോപിയും 71-ാമനായി എത്തിയ ജോർജ് കുര്യനും ദൈവത്തിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.