ന്യൂഡൽഹി: മൂന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ കേന്ദ്രസർക്കാരിന് കീഴിൽ കർണാടകയിൽ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
” മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. പുതിയ സർക്കാരിന് കീഴിൽ കർണാടകയിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളും ഇതിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനം നടപ്പാക്കുകയെന്ന ലക്ഷ്യത്തിൽ കേന്ദ്രവും ഞങ്ങളുമായി സഹകരിക്കുമെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാവിധ അവകാശങ്ങളും ഉയർത്തിപ്പിടിച്ച് കൊണ്ട് തന്നെ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി താങ്കളുമായി യോജിച്ച് പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും” സിദ്ധരാമയ്യ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 72 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. ഇവർക്ക് പുറമെ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമല സീതാരാമൻ, എസ് ജയശങ്കർ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, പ്രൾഹാദ് ജോഷി, സർബാനന്ദ സോനോവാൾ, ശിവരാജ് സിംഗ് ചൗഹാൻ, ജെ പി നദ്ദ, മനോഹർലാൽ ഖട്ടർ, ധർമ്മേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, ജി കിഷൻ റെഡ്ഡി, ഗിരിരാജ് സിങ്, ഹർദീപ് സിംഗ് പുരി, സി ആർ പാട്ടീൽ, അന്നപൂർണ ദേവി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.















