തിരുവനന്തപുരം: പ്രതിക്കൂട്ടിൽ മുഖ്യമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിലുകൾ. പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് തുറന്ന് പറയാനുള്ള ആർജ്ജവം സിപിഐ നേതൃത്വം കാണിക്കണമെന്നുമാണ് യോഗങ്ങളിൽ ഉയരുന്ന അഭിപ്രായം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തോൽവിയുടെ പ്രധാന കാരണം. സർക്കാർ ജീവനക്കാരെയും പെൻഷൻ കൈപ്പറ്റുന്നവരെയും സർക്കാർ വെറുപ്പിച്ചു. സപ്ലൈകോയിലെ ക്ഷാമവും തിരിച്ചടിയായി എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് തോൽവിക്ക് കാരണമായി സിപിഐ ചൂണ്ടിക്കാട്ടുന്നത്. ഇരു യോഗങ്ങളിലും വിമർശനങ്ങൾ ശക്തമായിരുന്നു.
തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അലയടിച്ചത് മുഖ്യമന്ത്രിക്കെതിരായ വികാരമെന്ന് ആലപ്പുഴ യോഗം വിമർശിക്കുന്നു. മുഖ്യമന്ത്രി തിരുത്താൻ തയ്യാറല്ലെന്ന് ഗീവർഗീസ് മാർ കുറിലോസിനെതിരെയുള്ള പരാമർശത്തിൽ നിന്ന് വ്യക്തമായെന്നും അംഗങ്ങൾ പറയുന്നു. മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎമ്മിൽ ആർക്കും ധൈര്യമില്ലെന്നും ധാർഷ്ട്യ മനോഭാവം പാർട്ടിയെ തന്നെ ഇല്ലാതാക്കുന്നുവെന്നും യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.















