സുരേഷ് ഗോപിയുടെ വിജയം ഒരു പാഠമാണെന്ന് സംവിധായകൻ മേജർ രവി. മനസിൽ നന്മയുണ്ടെങ്കിൽ വിജയം തേടി വരും. സുരേഷ് ഗോപിക്ക് പിന്തുണ നൽകാതിരുന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകരെ മേജർ രവി വിമർശിക്കുകയും ചെയ്തു. ആവശ്യമുള്ള സമയത്ത് സുരേഷ് ഗോപിക്ക് പിന്തുണ കൊടുക്കാത്ത സിനിമാ മേഖലയിലെ ചില സ്വാർത്ഥർ ഇപ്പോൾ അദ്ദേഹത്തിന്റെ പിന്നാലെ നടപ്പുണ്ട്. നിമിഷാ സജയനെ പോലുള്ളവർക്ക് ജനങ്ങൾ ഇനി മറുപടി കൊടുക്കേണ്ടതില്ലെന്നും ഏറ്റവും വലിയ മറുപടിയാണ് സുരേഷ് ഗോപിയുടെ വിജയം എന്നും മേജർ രവി പ്രതികരിച്ചു.
“പലരും ട്രോളി ഒരു വഴിക്കാക്കാൻ ശ്രമിച്ച വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വിജയത്തിൽ എല്ലാവർക്കും സന്തോഷമാണ്. കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞ എന്നെപ്പോലുള്ളവർക്ക് വളരെയധികം സന്തോഷം. ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ ഞാൻ സുരേഷിൽ കണ്ടിട്ടുള്ള ഒരു ക്വാളിറ്റി എന്തെന്നാൽ, ആരുടെയെങ്കിലും ദുഃഖം കേട്ടാൽ മനസലിയുക എന്നതാണ്. അതാണ് മനുഷ്യത്വം. എതിർ പാർട്ടികൾ സുരേഷിനെ പലരീതിയിലും വിമർശിച്ചു, കടന്നാക്രമിച്ചു, ചൂഷണം ചെയ്തു. എന്നിട്ടും ഒറ്റയ്‌ക്ക് നിന്നുകൊണ്ട് അവസാനം വിജയം കൈവരിച്ചു. അദ്ദേഹം കേന്ദ്ര മന്ത്രിയായതിൽ വളരെയധികം സന്തോഷം”.
“ഇനി സുരേഷ് സർ ആണ്. ഇനി അങ്ങനെ ഞാൻ വിളിക്കൂ. അദ്ദേഹത്തിന് ഒരുപാട് തിരക്കുകൾ കാണും. അതുകൊണ്ട് ഇനി എപ്പോഴും വിളിക്കില്ല, വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രം. മലയാളികൾക്ക് ഒരു സ്വഭാവമുണ്ട് ആരെങ്കിലും ഒരു പൊസിഷനിൽ എത്തിയാൽ അവരെ പരമാവധി വിളിച്ച് ശല്യം ചെയ്യും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കാൻ നിന്നപ്പോൾ എത്ര സിനിമക്കാർ അദ്ദേഹത്തിന് പിന്തുണ കൊടുത്തു. ആരും ഉണ്ടായിരുന്നില്ല. ഇപ്പോൾ കുറെ സ്വാർത്ഥർ അദ്ദേഹത്തിന്റെ പിന്നാലെ നടപ്പുണ്ട്. ആരും പ്രതികരിക്കാതിരുന്ന സമയത്തും ഞാൻ സുരേഷ് ഗോപിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. അന്ന് മറ്റൊരു സിനിമാക്കാരും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിട്ടില്ല”.
“സുരേഷ് ഗോപിയുടെ വിജയം ഒരു പാഠമാണ്. ഒരു വ്യക്തി നന്മയുള്ളവൻ ആണെങ്കിൽ വിജയം തേടിവരും. ഒരുപാട് ട്രോളുകളും വിമർശനങ്ങളും തരണം ചെയ്താണ് സുരേഷ് വിജയം കൈവരിച്ചത്. മകൻ ഗോകുൽ ഒരു പാവമാണ്. സുരേഷിന്റെ കുടുംബത്തെ ആക്രമിച്ചപ്പോൾ അവൻ പലപ്പോഴും പ്രതികരിച്ചു. അവനെ ഞാൻ സമാധാനപ്പെടുത്തുമായിരുന്നു. എന്തായാലും, സുരേഷിന് ലഭിച്ച വിജയം അദ്ദേഹം നിലനിർത്തട്ടെ. വരുന്ന അഞ്ചുവർഷം കേരളത്തിന് ഗുണം ചെയ്യുന്ന, പ്രത്യേകിച്ച് തൃശൂർകാർക്ക് നല്ലതുവരുന്ന പദ്ധതികൾ അദ്ദേഹത്തിന് നടപ്പാക്കാൻ കഴിയട്ടെ. നിമിഷാ സജയൻ ഒരു രാഷ്‌ട്രീയക്കാരി ആയിരുന്നില്ല. പക്ഷേ സീനിയർ ആയ ഒരു സഹപ്രവർത്തകനെ അവർ പരിഹസിച്ചു. സ്റ്റേജിൽ കയറുമ്പോൾ, നാല് കയ്യടി കിട്ടുമ്പോൾ എന്തും വിളിച്ചു പറയുകയാണ്. എന്തായാലും ഇപ്പോൾ അതിനുള്ള മറുപടി ആ കുട്ടിക്ക് കിട്ടിക്കഴിഞ്ഞു. ഇനി അതിനെ വിട്ടേക്കുക. വീണു കിടക്കുന്ന മരത്തിൽ കയറാൻ നിൽക്കേണ്ട”- മേജർ രവി പറഞ്ഞു.















