തിരുവനന്തപുരം: കേരളത്തിന് അർഹമായ പരിഗണന ലഭിച്ചു എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രി സ്ഥാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞടുക്കപ്പെട്ട എംപിമാർ ഇല്ലാത്തപ്പോഴും കേരളത്തിന് പരിഗണന നരേന്ദ്രമോദി സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെട്ടത് സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും സഹായകരമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ ജനപിന്തുണ വർദ്ധിച്ച് വരുന്നത് കേരളത്തിലെ രാഷ്‌ട്രീയ മാറ്റത്തിന്റെ അടയാളമാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല, കേരളം ബാലികേറാമലയാണെന്ന് മറ്റുകക്ഷികളും മാദ്ധ്യമങ്ങളും ചേർന്ന് പ്രചരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ജൂൺ 4ന് ജനങ്ങൾ നൽകിയതെന്നും സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കള്ളക്കളികൾ ജനങ്ങൾ അംഗീകരിക്കില്ല. എൽഡിഎഫ് വോട്ടിൽ ചോർച്ചയുണ്ടായെന്നും സിപിഎമ്മിന്റെ അടിത്തറയിളകിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ഇനിയാണ് യഥാർത്ഥത്തിലുള്ള ഭരണം കേരളത്തിൽ വരാൻ പോകുന്നത്. അടുത്ത രണ്ട് വർഷം പിണറായി വിജയൻ സർക്കാരിന്റെ അഴിമതി, സഹകരണക്കൊള്ള, കുടുംബവാഴ്ച, വർഗീയ പ്രീണനം, ഇതിനെതിരെയുള്ള പ്രചാരണങ്ങളുമായി ബിജെപി ജനങ്ങളിലേക്ക് ഇറങ്ങും. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള നേതൃയോഗം അടുത്തയാഴ്ച നടക്കും. പിണറായി വിജയന്റെ കുടുംബവാഴ്ചയും ഏകാധിപത്യവും അവസാനിക്കാതെ കേരളത്തിൽ സിപിഎം ഒരുകാലത്തും രക്ഷപ്പെടാൻ പോകുന്നില്ല. ബംഗാളിനെക്കാളും ത്രിപുരയെക്കാളും വലിയതകർച്ചയിലേക്കാണ് രണ്ട് വർഷം കഴിയുമ്പോൾ ഈ സർക്കാർ കൂപ്പുകുത്താൻ പോകുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.