ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അനുയായി ബിഭാവ് കുമാറിനെതിരെ പുതിയ വകുപ്പ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. തെളിവ് ഇല്ലാതാക്കിയതിനും തെറ്റായ വിവരങ്ങൾ കൈമാറിയതിനുമാണ് ഐപിസി 201ാം വകുപ്പ് കൂടി ബിഭാവ് കുമാറിനെതിരെ ചേർത്തത്.
ഭീഷണിപ്പെടുത്തൽ, ആക്രമണം, ബലപ്രയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരമാണ് കഴിഞ്ഞ മാസം 16ന് ബിഭാവ് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ വച്ച് സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ മെയ് 13നാണ് ബിഭാവ് കുമാർ പിടിയിലാകുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എത്തിയ തന്നെ ബിഭാവ് കുമാർ, ആക്രമിക്കുകയും ചവിട്ടി വീഴ്‌ത്തുകയും ചെയ്തുവെന്നാണ് സ്വാതി മാലിവാളിന്റെ ആരോപണം.
ബിഭാവ് കുമാറിന്റെ പക്കൽ നിന്നും പൊലീസ് ഫോൺ പിടിച്ചെടുത്തെങ്കിലും ഇത് ഫോർമാറ്റ് ചെയ്തിരുന്നു. മുംബൈയിൽ വച്ച് ഇയാൾ ഇത് ഫോർമാറ്റ് ചെയ്തുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഫോണിലെ വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, വിശദമായ വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥരും പുറത്ത് വിട്ടിട്ടില്ല. കസ്റ്റഡിയിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ ബിഭാവ് കുമാർ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ ആരോപിച്ചു. 18ന് അറസ്റ്റിലായ ഇയാൾ നിലവിൽ തിഹാർ ജയിലിലാണുള്ളത്.