തൃശൂർ: ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് അണികൾ. രാജിയ്‌ക്ക് ശേഷം നാടകീയ രംഗങ്ങളാണ് ഡിസിസി ഓഫീസിന് മുന്നിൽ അരങ്ങേറുന്നത്. ജോസ് വള്ളൂരിനെ അനുകൂലിക്കുന്ന പ്രവർത്തകർ ക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘നമ്മുടെ വീട്ടിലുണ്ടായ പ്രശ്നം പൊലെയാണ് ഡിസിസിയിലുണ്ടായ സംഘർഷങ്ങൾ. അങ്ങോട്ട് പോയി ആരും തല്ലുണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ അടുത്തേക്ക് വന്ന പ്രശ്നമാണിത്. ഈ തോൽവിയുടെ ഉത്തരവാദിത്വം ജോസെട്ടനാണെന്ന് പറയാൻ ഒരിക്കലും സാധിക്കില്ല. ഒരു സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്നതിനും രീതിയുണ്ട്. വെറുതെ പോയി നിന്നാൽ വോട്ട് കിട്ടില്ല’.
‘വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ജനങ്ങളെ കണ്ടാൽ എങ്ങനെയാണ് വിജയിക്കുക. അതിന് നിരപരാധിയായ ജോസെട്ടനെ എന്തിന് ഇതിലേക്ക് വലിച്ചിട്ടു. ഇത് പോലൊയൊരു ഡിസിസി പ്രസിഡന്റ് ഇനി ഉണ്ടാകില്ല. അത്ര നല്ല പ്രസിഡന്റായിരുന്നു അദ്ദേഹം’- കോൺഗ്രസ് പ്രവർത്തക പറഞ്ഞു.
മൂന്ന് ദിവസമായി ഡിസിസിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. കെ മുരളീധരന്റെ തോൽവിയ്‌ക്ക് പിന്നാലെ പ്രവർത്തകർ പരസ്പരം പഴിചാരിയതാണ് തർക്കങ്ങൾക്ക് തുടക്കമായത്. തുടർന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും എൻപി വിൻസന്റും രാജിവയ്‌ക്കുകയായിരുന്നു.















